LiveTV

Live

Kerala

ശരീരം തളര്‍ന്ന വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച സംഭവം: അമ്മയെ തേടി മകന്‍ എത്തി

വീട്ടമ്മയെ വഴിയിലുപേക്ഷിച്ച വയനാട് സ്വദേശി മാത്യൂ എന്നയാള്‍ക്കെതിരെ മകന്‍ മഞ്ജിത്ത് പൊലീസില്‍ പരാതി നല്‍കി.

ശരീരം തളര്‍ന്ന വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച സംഭവം: അമ്മയെ തേടി മകന്‍ എത്തി

ഇടുക്കി അടിമാലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ പൊലീസ് മകനൊപ്പം വിട്ടു. ഇവരെ വഴിയിലുപേക്ഷിച്ച വയനാട് സ്വദേശി മാത്യൂ എന്നയാള്‍ക്കെതിരെ മകന്‍ മഞ്ജിത്ത് പൊലീസില്‍ പരാതി നല്‍കി. ഒപ്പം താമസിച്ചിരുന്ന ലൈലാമണിയെ ഇയാള്‍ നേരത്തെയും ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് ദേശീയപാതയോട് അടുത്ത് അടിമാലി കല്ലാർകുട്ടി റോഡില്‍ തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർ കണ്ടതിനെ തുടർന്ന് പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാർത്ത പുറത്തുവന്നതിനെതുടർന്ന് കട്ടപ്പന ഇരട്ടയാറില്‍ താമസിക്കുന്ന മകന്‍ മഞ്ജിത്ത് അടിമാലിയിലെത്തി അമ്മയെ കണ്ടു. വീട്ടമ്മയ്ക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശി മാത്യു ഇതിനു മുമ്പും ഇവരെ ഉപേക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇവർ ഔദ്യോഗിക രേഖകള്‍ പ്രാകാരം വിവാഹിതരല്ലെന്നും, വീട്ടമ്മയുടെ ഭർത്താവ് 22 വർഷം മുമ്പ് മരിച്ചതായും പൊലീസ് പറയുന്നു. ലൈലാമണിയുടെ ഒരുവശം തളർന്ന അവസ്ഥയിലായതിനാല്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. വീട്ടമ്മയെ ഉപേക്ഷിച്ച് പോയ മാത്യു എന്നയാള്‍ക്കെതിരെ മഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതാണെന്നുമാണ് വീട്ടമ്മ പറഞ്ഞത്.