LiveTV

Live

Kerala

പൌരത്വം തെളിയിക്കാനുള്ള രേഖകള്‍ തേടി മഹാരാഷ്ട്രയില്‍ നിന്ന് വൃദ്ധദമ്പതികള്‍ തൃശൂരില്‍

പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുമോയെന്നുള്ള ആശങ്കയിലാണ് ഇവർ രേഖകൾ സംഘടിപ്പിക്കാൻ വേലൂരിലെത്തിയത്.

പൌരത്വം തെളിയിക്കാനുള്ള രേഖകള്‍ തേടി മഹാരാഷ്ട്രയില്‍ നിന്ന് വൃദ്ധദമ്പതികള്‍ തൃശൂരില്‍

പൗരത്വം തെളിയിക്കാൻ രേഖകൾ തേടി മഹാരാഷ്ട്രയിൽ നിന്നും വൃദ്ധ ദമ്പതിമാര്‍ കേരളത്തിലെത്തി. രത്നഗിരി ജില്ലയില്‍ നിന്നുള്ള ഇബ്രാഹിമും മറിയകുട്ടിയുമാണ് രേഖകള്‍ അന്വേഷിച്ച് തൃശ്ശൂര്‍ വേലൂരിലെത്തിയത്.

76 കാരനായ ഇബ്രാഹീമും 65 കാരിയായ മറിയക്കുട്ടിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം 30 വർഷമായി മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ചിപ്ളൂണിൽ സ്ഥിരം താമസക്കാരാണ്. ഇബ്രാഹിം പ്രാഥമിക പഠനം നടത്തിയ വേലൂർ ആർ.എം. എൽ.പി.സ്കൂളിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുവാൻ വേണ്ടിയാണ് പിതാവിന്റെ ജൻമനാടായ വേലൂരിൽ എത്തിയത്. സ്വകാര്യ നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന ഇബ്രാഹീം പിന്നീട് തൊഴിൽ സംബന്ധമായി കുടുംബ സമേതം മഹാരാഷ്ട്രയിലേക്ക് താമസം മാറുകയായിരുന്നു. പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുമോയെന്നുള്ള ആശങ്കയിലാണ് ഇവർ രേഖകൾ സംഘടിപ്പിക്കാൻ വേലൂരിലെത്തിയത്.

കുട്ടിക്കാലത്ത് കുറച്ച് വർഷം പിതാവ് നാലകത്ത് അബ്ദുൾ റഹ്മാന്റെ വേലൂരിലുള്ള തറവാട്ടിൽ ഇബ്രാഹീം താമസിച്ചിരുന്നു. ഒന്ന് മുതൽ മൂന്ന് വരെ വേലൂർ ആർ.എം.എൽ.പി സ്കൂളിലായിരുന്നു പഠനം. 1953-54 കാലഘട്ടത്തിലെ സ്കൂൾ രേഖകൾ തേടിയാണ് ഇബ്രാഹിം ഭാര്യയോടൊപ്പം വേലൂരിലെ ബന്ധുവീട്ടിലെത്തിയത്. സ്കൂൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഇവർ മഹാരാഷ്ട്രയിലേക്ക് മടങ്ങി.