LiveTV

Live

Kerala

പാലക്കാട് ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി

ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ വെച്ചാണ് പാല്‍ പിടികൂടിയത്

പാലക്കാട്  ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ പിടികൂടി

കേരളത്തിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്ന ഗുണനിലവാരമില്ലാത്ത 2484 ലിറ്റര്‍ പാല്‍ ക്ഷീരവികസന വകുപ്പ് പിടികൂടി. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റില്‍ വെച്ചാണ് പാല്‍പിടികൂടിയത്. അറ്റ്മോസ് ഫാം ഫ്രഷ് മില്‍ക്ക് എന്ന കമ്പനിയുടെ പാല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.

തമിഴ്‍നാട്ടിലെ ദിണ്ഡിഗല്ലില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി കൊണ്ടുന്ന പാലാണ് പിടികൂടിയത്. ഒരു കണ്ടെയ്നര്‍ പാല്‍ പരിശോധിച്ചതില്‍ പാലില്‍ അടങ്ങിയിരിക്കേണ്ട കൊഴുപ്പോ, കൊഴുപ്പിതര പദാര്‍ഥങ്ങളോ കണ്ടെത്തിയില്ല. ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ പാലും ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി.

ഇതിന് മുമ്പ് ഓണത്തിനോട് അനുബന്ധിച്ചാണ് വന്‍ തോതില്‍ ഗുണനിലവാരമില്ലാത്ത പാല്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍നിന്നും പിടികൂടിയത്. ഗുണനിലവാരമില്ലാത്ത പാലുമായി എത്തുന്ന പലവാഹനങ്ങളും തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മീനാക്ഷിപുരത്ത് മാത്രമാണ് ക്ഷീര വികസന വകുപ്പിന് ചെക്ക്പോസ്റ്റ് ഉള്ളത്. വാളയാര്‍, ഗോപാലപുരം, ഗോവിന്ദാപുരം, ഉള്‍പ്പടെ ഉള്ള മറ്റ് ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് വരുന്ന പാലിന്റെ ഗുണനിലവാര പരിശോധന നടത്താന്‍ നിലവില്‍ സംവിധാനങ്ങളില്ല.