LiveTV

Live

Kerala

ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍; എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് എ.കെ ബാലന്‍

ഇതില്‍ റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും നിയമന്ത്രി എ. കെ ബാലന്‍

ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍; എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് എ.കെ ബാലന്‍

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീംകോടതിയില്‍ പോകുന്നതിന് അനുമതി തേടണമെന്ന ഗവർണറുടെ വാദം തള്ളി സർക്കാർ. ഇതില്‍ റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമുണ്ടായിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഗവർണറുടെ ധാരണ തിരുത്താൻ നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാരുമായോ കോടതികളുമായോ ഏറ്റുമുട്ടൽ ഉണ്ടാകുന്ന വിഷയങ്ങളിൽ മാത്രം ഗവർണറെ അറിയിച്ചാൽ മതി. കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തോടാണ് സർക്കാരിന്റെ വിമർശനം. അതിന് ആർട്ടിക്കിൾ 131ന്റെ പിൻബലം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിശദീകരണം ചോദിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നാളെ ഗവർണർ തിരികെ എത്തിയ ശേഷമേ വിശദീകരണം ചോദിക്കാൻ സാധ്യതയുള്ളൂ. അതിനിടെ ഗവർണറെ വിമര്‍ശിച്ച് ദേശാഭിമാനിയിലും മുഖപ്രസംഗം വന്നു. സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്നത് ഗവർണറുടെ തെറ്റിദ്ധാരണയാണ്. സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും ദേശാഭിമാനിയിലെ മുഖപ്രസംഗത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് അധികാരമെന്ന് സ്പീക്കര്‍

ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് അധികാരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. ഇക്കാര്യത്തില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് തോമസ് ഐസക്

ഗവര്‍ണര്‍ ചോദിച്ച ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വാർത്ത സമ്മേളനത്തിലൂടെയല്ല ഔചിത്യത്തോട് കൂടിയുള്ള ചർച്ചയാണ് നടത്തേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.

ഗവര്‍ണറെ പിന്തുണച്ച് മന്ത്രി മുരളീധരന്‍

ഗവർണർ നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് സർക്കാരിന് പ്രശ്നമുണ്ടാക്കുന്നത് എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറുടെ നിലപാട് വോട്ട് രാഷ്ട്രീയത്തിന് എതിരായുള്ളതാണ്. സത്യങ്ങൾ ജനങ്ങൾ അറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് സർക്കാർ ഗവർണറെ എതിർക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.