LiveTV

Live

Kerala

കൂടത്തായ് കൊലക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

കേസില്‍ ആകെ 165 സാക്ഷികളാണുള്ളത്. കൂടത്തായി കേസിലെ ആറു കേസുകളിലും സ്പെഷ്യൽ പ്രൊസിക്യൂട്ടർ ആയി അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണനെ നിയമിച്ചു.

കൂടത്തായ് കൊലക്കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിൽ അന്വേഷണ സംഘം താമരശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ഷാജുവിനെ വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജോളി രണ്ടാം തവണ നടത്തിയ ശ്രമത്തിലാണ് സിലി കൊല്ലപ്പെടുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. താമരശേരിയിലെ ദന്താശുപത്രിയിൽ വച്ച് സയനൈഡ് നിറച്ച മഷ്റൂം ഗുളികയും സയനൈഡ് കലർത്തിയ വെള്ളവും നൽകിയുമായിരുന്നു കൊലപാതകം. ദന്താശുപത്രിയിൽ തളർന്ന് വീണ സിലിയെ 500 മീറ്റർ അകലത്തിൽ ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കാണ് ജോളി കൊണ്ടു പോയത്. ഇത് മരണം ഉറപ്പാക്കാനായിരുന്നെന്ന് കുറ്റപത്രം പറയുന്നു.

മരിക്കുന്നതിന് ആറു മാസം മുൻപ് സിലിക്ക് സയനൈഡ് പുരട്ടിയ കഷായം നൽകി ജോളി കൊല്ലാൻ ശ്രമിച്ചിരുന്നു. അന്ന് സിലിയെ പരിശോധിച്ച ഡോക്ടർ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിച്ചിരുന്നെങ്കിൽ സിലിയെ രക്ഷപ്പെടുത്താനാവുമായിരുന്നുവെന്ന് കെ.ജി. സൈമൺ ഐ.പി.എസ് പറഞ്ഞു. ജോളിയുടെ ഭർത്താവ് ഷാജുവും ഭർതൃപിതാവ് സക്കരിയയും അടക്കം 165 സാക്ഷികളുണ്ട്. മരിച്ച സിലിയുടെ സഹോദരൻ സിജോ ആണ് ഒന്നാം സാക്ഷി. ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു, സയനൈഡ് എത്തിച്ച് നൽകിയ പ്രജുകുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.