LiveTV

Live

Kerala

സെക്രട്ടറിയേറ്റിലെ പഞ്ചിങ്; ഇടഞ്ഞ് ഐ.എ.എസ് അസോസിയേഷന്‍

നിലവിൽ മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവരെ പഞ്ചിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സെക്രട്ടറിയേറ്റിലെ പഞ്ചിങ്; ഇടഞ്ഞ് ഐ.എ.എസ് അസോസിയേഷന്‍

സെക്രട്ടറിയേറ്റിൽ നടപ്പാക്കിയ പഞ്ചിങ്ങിനെതിരെ ഐ.എ.എസ് അസോസിയേഷൻ. ഔദ്യോഗിക ആവശ്യങ്ങൾക്കായി പുറത്ത് പോകേണ്ടിതിനാൽ ദിവസേനയുളള പഞ്ചിങ്ങ് പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സർക്കാർ തീരുമാനത്തോടുളള എതിർപ്പ് അസോസിയേഷൻ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

വകുപ്പ് തലവൻമാരായ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക പരിപാടികൾക്കായി പലതവണ ഓഫീസിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമാണുളളത്. ഇത് ചൂണ്ടികാട്ടിയാണ് പഞ്ചിങ്ങിനെതിരെയുളള ഐ.എ.എസ് അസോസിയേഷന്റെ എതിർപ്പ്. നിലവിൽ മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവരെ പഞ്ചിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഴുവൻ ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ഒഴിവാക്കൽ ബാധകമാക്കണമെന്നാണ് അസോസിയേഷന്റെ നിലപാട്. ശമ്പളമുൾപ്പടെയുളള കാര്യങ്ങളെ പഞ്ചിങ്ങ് സംവിധാനം ദോഷകരമായി ബാധിക്കുന്ന വിഷയവും ഐ.എ.എസുകാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അസോസിയേഷൻ നേതൃത്വം ചീഫ് സെക്രട്ടറിയെ അറിയിച്ചുകഴിഞ്ഞു. പൊതുഭരണ സെക്രട്ടറി കെ.ആർ ജ്യോതിലാലും ഇത് സംബന്ധിച്ച ഫയൽ സർക്കാരിന് കൈമാറിയിട്ടുണ്ട്. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ലെന്നാണ് സൂചന. സെക്രട്ടറിയേറ്റിൽ മാത്രമുളള പഞ്ചിങ്ങ് സംവിധാനം മുഴുവൻ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലേക്കും ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുളള സർക്കുലർ കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു.