LiveTV

Live

Kerala

അമ്മയുടെ പരാതി; വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കും

ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന മാതാവിന്റെ പരാതിയിലാണ് നടപടി

അമ്മയുടെ പരാതി; വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുക്കും

കൊല്ലം കുണ്ടറ നാന്തിരിക്കലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് കല്ലറ തുറന്ന് പുറത്തെടുക്കും. വെള്ളിമണ്‍ നാന്തിരിക്കല്‍ സ്വദേശിനി ഷീലയുടെ മൃതദേഹമാണ് നാന്തിരിക്കല്‍ പളളിസെമിത്തേരിയില്‍ നിന്ന് പുറത്തെടുക്കുക. ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന മാതാവിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ വര്‍ഷം ജൂലൈ 29നാണ് നാല്‍പ്പത്തിയാറുവയസുള്ള ഷീല മരിച്ചത്. കുഴ‍ഞ്ഞുവീണ ഷീലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം വേണമെന്ന് അന്നുതന്നെ ആവശ്യപ്പെട്ടെങ്കിലും ഷീലയുടെ ഭര്‍ത്താവും കുടുംബവും ഇതിന് തയ്യാറായില്ലെന്നാണ് ഷീലയുടെ അമ്മയുടെ ആരോപണം.

ജൂലൈ 31ന് നാന്തിരിക്കല്‍ പള്ളിയില്‍ മൃതദേഹം സംസ്കരിച്ചു. പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷീലയുടെ മാതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അന്വേഷണം റൂറല്‍ എസ്പി ക്രൈംബ്രാഞ്ചിന് കൈമാറിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷികളെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് രാസപരിശോധന നടത്തിയശേഷമാകും തുടരന്വേഷണം വേണമോയെന്ന് അന്വേഷണസംഘം തീരുമാനിക്കുക.