LiveTV

Live

Kerala

കോട്ടയത്ത് മുത്തൂറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ച വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്

സമരം നടത്തുന്ന സി.ഐ.ടി.യു പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞെതെന്ന് ജീവനക്കാര്‍ പറഞ്ഞു

കോട്ടയത്ത് മുത്തൂറ്റ്  സ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ച വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്

കോട്ടയത്ത് മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുറക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്. മൂന്ന് ശാഖകളിലെ വനിത ജീവനക്കാര്‍ക്ക് നേരെയാണ് ചീമുട്ടയേറ് ഉണ്ടായത്. സമരം നടത്തുന്ന സി.ഐ.ടി.യു പ്രവര്‍ത്തകരാണ് ചീമുട്ടയെറിഞ്ഞെതെന്ന് ജീവനക്കാര്‍ പറഞ്ഞു. ആരോപണം സി.ഐ.ടി.യു നിഷേധിച്ചു. പൊലീസെത്തിയാണ് പിന്നീട് സ്ഥാപനങ്ങള്‍ തുറന്നത്.

ജനുവരി രണ്ടാം തിയതി മുതല്‍ മുത്തൂറ്റ് ശാഖകല്‍ക്ക് മുന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തി വരുകയാണ്. ഇതിനിടയിലാണ് ഇന്ന് സ്ഥാപനം തുറക്കാന്‍ ചില ജീവനക്കാര്‍ എത്തിയത്. രാവിലെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ക്ക് നേരെ ചീമുട്ടയേറ് ഉണ്ടാകുകയായിരുന്നു. ചീമുട്ടയെറിഞ്ഞത് സി.ഐ.ടി.യു പ്രവര്‍ത്തകരാണെന്നാണ് ജീവനക്കാര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കോട്ടയം ബേക്കര്‍ ജംഷന്‍, ക്രൌണ്‍ പ്ലാസ, ഇല്ലിക്കല്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് നേരെയാണ് ചീമുട്ടയേറ് ഉണ്ടായത്. എന്നാല്‍ സി.ഐ.ടി.യു ആരോപണം നിഷേധിച്ചു.

പരാതി നല്കിയ ജീവനക്കാര്‍ പൊലീസ് സംരക്ഷണത്തിലെത്തി തുടര്‍ന്ന് സ്ഥാപനം തുറന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മുത്തൂറ്റ് ഉടമയ്ക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.