LiveTV

Live

Kerala

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി അന്വേഷിക്കേണ്ടതുണ്ടെന്ന് എസ്.പി

കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാളയംകോട്ട ജയിലിലേക്കാണ് പ്രതികളെ മാറ്റിയിരിക്കുന്നത്.

കളിയിക്കാവിള കൊലപാതകം: പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി അന്വേഷിക്കേണ്ടതുണ്ടെന്ന് എസ്.പി

കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ശ്രീനാഥ് പറഞ്ഞു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

തമിഴ്‍നാട്ടിലെ തക്കല പോലീസ് സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യ പ്രതികളായ അബ്ദുൾ സമീമിനേയും തൗഫീഖിനേയും മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചത്. തുടർന്ന് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാളയംകോട്ട ജയിലിലേക്കാണ് പ്രതികളെ മാറ്റിയിരിക്കുന്നത്. പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി തിങ്കളാഴ്ച പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി കൂടുതൽ അന്വേഷിക്കേണ്ടി ഇരിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തങ്ങളുടെ സംഘത്തിൽപ്പെട്ടവരെ പോലീസ് പിടികൂടിയതാണ് കൊലക്ക് കാരണം.

എ.എസ്.ഐയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ബെംഗളൂരുവിൽ ആയുധക്കടത്ത് കേസിൽ പ്രതിയായ അബ്ദുൾ സമീമിന് ഐ.എസ് ബന്ധമുള്ളതായി എഫ്.ഐ.ആറിൽ പരാമർശമുണ്ടായിരുന്നു. ഇതും ഗൗരവമായി പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. മുഖ്യപ്രതികളോടൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.