LiveTV

Live

Kerala

കേരള പൊലിസിനെ ഭരിക്കുന്നത് ആരാണ്? - സുപ്രഭാതം എഡിറ്റോറിയൽ പൂർണരൂപം

"പൗരത്വ നിയമത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരേ കേസെടുക്കുവാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന ഡി.ജി.പിയുടെ പ്രസ്താവനക്ക് പുല്ല് വിലയാണ് പൊലിസിലെ ഒരു വിഭാഗം നൽകുന്നത്."

കേരള പൊലിസിനെ ഭരിക്കുന്നത് ആരാണ്? - സുപ്രഭാതം എഡിറ്റോറിയൽ പൂർണരൂപം

പൗരത്വ നിമയ ഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തതിന് കേരള പൊലീസ് നടത്തുന്ന അറസ്റ്റുകൾക്കെതിരെ രൂക്ഷവിമർശവുമായി 'സമസ്ത' മുഖപത്രം സുപ്രഭാതം. ഇന്ന് ഇറങ്ങിയ പത്രത്തിന്റെ എഡിറ്റോറിയലിലാണ് പൊലീസിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷമായി ആഞ്ഞടിച്ചിരിക്കുന്നത്.

എഡിറ്റോറിയലിന്റെ പൂർണരൂപം:

കേരള പൊലിസിനെ ഭരിക്കുന്നത് ആരാണ്?

അടുത്ത കാലത്തായി കേരള പൊലിസിന്റെ ഭാഗത്തുനിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സർക്കാർ വിരുദ്ധ നടപടികൾ കേവലം യാദൃച്ഛികമാണെന്ന് പറയാനാവില്ല. ആ ധാരണയെ അരക്കിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നടന്ന ഭരണഘടനാ സംരക്ഷണറാലിക്കുനേരെ പൊലിസിൽ നിന്നുണ്ടായ പ്രകോപനങ്ങൾ. ഒരേസമയം കോഴിക്കോട്ട് എലത്തൂരിലും തൃശൂരിലും കുറ്റ്യാടിയിലും പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചവർക്കെതിരേ പൊലിസ് നടപടിയെടുത്തതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശങ്ങളല്ല ഒരു വിഭാഗം അനുസരിക്കുന്നതെന്നും മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ അദൃശ്യമായ ആജ്ഞകളാണോ അവർ അനുസരിക്കുന്നതെന്നും കരുതേണ്ടിയിരിക്കുന്നു.

പൗരത്വ നിയമത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരേ കേസെടുക്കുവാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന ഡി.ജി.പിയുടെ പ്രസ്താവനക്ക് പുല്ല് വിലയാണ് പൊലിസിലെ ഒരു വിഭാഗം നൽകുന്നത്. കേരള വർമ്മ കോളജിൽ അക്രമാസക്തരായ എ.ബി.വി.പി വിദ്യാർഥികളെ തടയാൻചെന്ന പൊലിസുകാരനെ കയ്യേറ്റം ചെയ്ത പാരമ്പര്യമുള്ള അന്നത്തെ ഡി.ജി.പി ടി.പി സെൻകുമാറു തന്നെയാണോ ഇപ്പോഴത്തെ ഡി.ജി.പിയുമെന്ന് തോന്നിപ്പോകുന്നു.

ഇങ്ങിനെ കയറൂരിവിട്ടാൽ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്ന യു.പി പൊലിസിന്റെ മാനസികാവസ്ഥയിലേക്ക് കേരള പൊലിസിലെ ഒരു വിഭാഗവും നാളെ എത്തിക്കൂടായ്കയില്ല. ഇപ്പോൾ പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരേ കേസെടുത്തുകൊണ്ടിരിക്കുന്ന പൊലിസ് നാളെ അതിനും മടിക്കുകയില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊലിസിന്റെ മേൽ യാതൊരു നിയന്ത്രണവുമില്ലെന്ന സന്ദേശമാണ് ഇതുവഴി പൊതുസമൂഹത്തിന് കിട്ടുന്നത്.

മുമ്പൊരിക്കൽപോലും കേരളം ദർശിക്കാത്തവിധത്തിലുള്ള പ്രതിഷേധ പോരാട്ടങ്ങളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്നത്. ഓരോ മനുഷ്യനും ഒരാളുടെയും പ്രേരണയില്ലാതെ സ്വയം സമരസജ്ജനായിത്തീരുന്ന ഈ കാഴ്ചക്ക് മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുമാണ് കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നത്. കക്ഷി രാഷ്ട്രീയ, സാമുദായികഭേദമില്ലാതെ ഒരൊറ്റ ജനതയായി സംഘപരിവാറിന്റെ മനുഷ്യനെ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരേ പോരാടുമ്പോൾ അതിനെ തുരങ്കംവെക്കുന്ന കുത്സിത നീക്കങ്ങളുമായി ഒരു വിഭാഗം പൊലിസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നിന്നായിരിക്കണം നിർദേശങ്ങൾ സ്വീകരിക്കുന്നത്. പൊലിസ് സേനയിലെ ഇത്തരം നീക്കങ്ങൾ ലോക്‌നാഥ് ബെഹ്‌റക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നത് പരിഹാസ്യമാണ്.

ഫാസിസം എല്ലാ മറകളും നീക്കി മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന അന്ത്യ ഘട്ടത്തിലാണുള്ളത്. ഈ ബോധ്യത്തെ തുടർന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി ഫാസിസ്റ്റ് ശക്തികൾക്കെതിരേ കൈകോർത്തത്. ഇത് കേന്ദ്ര സർക്കാരിനെ വിറളിപിടിപ്പിച്ചു എന്നത് യാഥാർഥ്യമാണ്. അപ്പോൾ ഈ നീക്കങ്ങളെ തകർക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യവുമാണ്. ആ ആവശ്യമാണ് കേരള പൊലിസിലെ ഒരു വിഭാഗത്തെക്കൊണ്ട് നിർവഹിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധ സമരങ്ങൾ. ഒന്നിച്ചുള്ള സത്യഗ്രഹ സമരം, നിയമസഭയുടെ പ്രമേയം എന്നിവയ്ക്ക് പുറമെ ഇപ്പോഴിതാ സുപ്രിംകോടതിയിൽ സൂട്ട് ഹരജിയും നൽകിയിരിക്കുന്നു. സർക്കാരിന്റെ ഈ നീക്കങ്ങൾക്കെല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശമുണ്ടായിരുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലൻ തുറന്ന് പറയുകയും ചെയ്തു.

- കേരളീയ ജനത ഒറ്റക്കെട്ടായി മുമ്പൊരിക്കലും ഇതുപോലുള്ളാരു സമരം നയിച്ചിട്ടില്ല. ഇത് തകർക്കേണ്ടത് അനിവാര്യമാണെന്ന നിഗൂഢ പദ്ധതിയുടെ ഭാഗമാണ് പൊലിസിന്റെ ഭാഗത്തുനിന്നുള്ള കള്ളക്കേസുകൾ. മുഖ്യമന്ത്രി ഉദ്ഘാടകനായി കഴിഞ്ഞദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയെ പരാജയപ്പെടുത്തുവാൻ റാലിയുടെ പ്രചാരണ വിഭാഗം വാഹനം കഡിയിലെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന പ്രവർത്തകരോട് 'പൗരത്വ നിയമം വേണ്ടെന്ന് പറയുവാൻ മുഖ്യമന്ത്രി ആരാ' എന്ന് ചോദിക്കാൻ എലത്തൂർ പൊലിസ് സ്റ്റേഷനിലെ ഒരു സാദാ കോൺസ്റ്റബിളായ ശ്രീജിത്ത് കുമാറിന് ധൈര്യം വന്നെങ്കിൽ അയാൾ ഒറ്റക്കല്ല. അയാളെ സസ്‌പെന്റ് ചെയ്തുവെങ്കിലും നാളെ അയാൾ തിരിച്ചുകയറാതെയുമിരിക്കില്ല. മുഖ്യമന്ത്രിയെ അവഹേളിച്ച പൊലിസുകാരനെതിരേ മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ ജില്ലാ സെക്രട്ടറിക്കുതന്നെ പൊലിസിൽ പരാതി നൽകേണ്ടിവരുന്ന ഒരു കേരളീയാവസ്ഥയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്.

എലത്തൂർ എസ്‌ഐ ജയപ്രസാദിനെയും പൊലിസുകാരൻ ശ്രീജിത്ത് കുമാറിനെയും പറഞ്ഞുവിടുകയാണ് വേണ്ടത്. അതിനുള്ള ചങ്കൂറ്റമാണ് സംസ്ഥാന ഭരണകൂടത്തിൽനിന്ന് ഉണ്ടാകേണ്ടത്. കാക്കിക്കുള്ളിൽ കാവിക്കൊടി ഒളിപ്പിച്ചവർക്ക് അത് മാത്ര പാഠമാകൂ. സർവിസ് ചട്ടങ്ങൾക്കെതിരേ പ്രവർത്തിക്കുന്നവർക്ക് സസ്‌പെൻഷൻ പോലുള്ള ശിക്ഷകൾകൊണ്ടെന്ത് ഫലം? എലത്തൂരിൽ നടന്നതിന്റെ മറ്റൊരു ആവർത്തനമാണ് തൃശൂരിൽ നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിനെതിരെയും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ ഒന്നിച്ചുള്ള പോരാട്ടം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നായിരുന്നു. എന്നാൽ ആ മാതൃക പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തൃശൂരിലെ ഏമാന്മാർ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് റാലിയിൽ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ് കെ.എസ്.യു, എസ്.എഫ്.ഐ. സി.പി.ഐ നേതാക്കൾക്കെതിരേ പൊലിസ് കള്ളക്കേസെടുത്തത്. സമാനമായ സംഗമങ്ങൾ മറ്റു ജില്ലകളിൽ നടന്നെങ്കിലും അവിടെയൊന്നും പൊലിസ് യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

മുകളിൽനിന്ന് നിർദേശമുണ്ട് കേസെടുക്കാൻ എന്നായിരുന്നു പൊലിസ് ഭാഷ്യം. കേസെടുക്കുവാൻ നിർദേശിച്ചിട്ടില്ലെന്നു ലോക്‌നാഥ് ബെഹ്‌റ പിന്നെ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. തീർന്നില്ല, കഴിഞ്ഞ ദിവസം ബി.ജെ.പി പൗരത്വ നിയമം വിശദീകരിക്കുവാൻ കുറ്റ്യാടിയിൽ നടത്തിയ റാലി മുസ്ലിംകൾക്കെതിരെയുള്ള തെറിവിളികളുടെ അഭിഷേകമായിരുന്നു. 'ഗുജറാത്ത് മറക്കേണ്ട്' എന്ന് പറഞ്ഞ് സാമുദായിക വിദ്വേഷം പടർത്തി നടത്തിയി ജാഥക്ക് പൊലിസ് അകമ്പടിയും സംരക്ഷണവും നൽകിയപ്പോൾ പ്രതിഷേധ സൂചകമായി കടകളടച്ചവർക്കെതിരെയാണ് കുറ്റ്യാടി പൊലിസ് കേസെടുത്തത്. പൊലിസിൽനിന്ന് ഇതുപോലുള്ള നടപടികളാണ് മേലിലും ഉണ്ടാകുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിക്കൊണ്ടിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സന്ധിയില്ലാ സമരം ഒരുപറ്റം ആർ.എസ്.എസ് പൊലിസുകാർ പ്രഹസനമാക്കി മാറ്റുമെന്നതിന് സംശയമില്ല. അതുപാടില്ല. ഇത്തരം ആളുകളെ സർവിസിൽനിന്ന് പറഞ്ഞുവിടുകതന്നെ വേണം. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാ സംരക്ഷണ റാലികളുടെ വിശ്വാസ്യതയായിരിക്കും തകരുക.