LiveTV

Live

Kerala

സെക്രട്ടറിയേറ്റില്‍ നിന്ന് അവധിയെടുത്ത് കേരള അഡ്മിനിസ്ട്രേറ്റ് സർവ്വീസ് പരീക്ഷ എഴുതുന്നവരെ അയോഗ്യരാക്കുമെന്ന് സർക്കാരിന്റെ മുന്നറിപ്പ്

ഉദ്യോഗസ്ഥർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു

സെക്രട്ടറിയേറ്റില്‍ നിന്ന് അവധിയെടുത്ത് കേരള അഡ്മിനിസ്ട്രേറ്റ് സർവ്വീസ് പരീക്ഷ എഴുതുന്നവരെ അയോഗ്യരാക്കുമെന്ന് സർക്കാരിന്റെ മുന്നറിപ്പ്

സെക്രട്ടറിയേറ്റില്‍ നിന്ന് അവധിയെടുത്ത് കേരള അഡ്മിനിസ്ട്രേറ്റ് സർവ്വീസ് പരീക്ഷ എഴുതുന്നവരെ അയോഗ്യരാക്കുമെന്ന് സർക്കാരിന്റെ മുന്നറിപ്പ്. പൊതുഭരണ സെക്രട്ടറിയിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്നുകിൽ ജോലി ഉപേക്ഷിച്ച് പരീക്ഷക്ക് തയാറെടുക്കുകയോ അല്ലെങ്കില്‍ ലീവ് റദ്ദു ചെയ്ത് ജോലിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കുന്നത്.

സെക്രട്ടേറിയറ്റിലെ അൻപതിലധികം അസിസ്റ്റന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവർ കെഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കാനായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങളെ ഇതു ബാധിച്ചിട്ടുണ്ട്. ഈ മാസം 31ന് നിയമസഭ തുടങ്ങുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ഇതു താളം തെറ്റിക്കും. സർവീസിൽ ഇരിക്കെ, നിലവിലെ ജോലിക്കു വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ അവധിയെടുത്ത് മറ്റൊരു ജോലിക്കു ശ്രമിക്കുന്നത് ജീവനക്കാരുടെ സാമൂഹിക പ്രതിബന്ധത ഇല്ലായ്മയാണ് കാണിക്കുന്നതെന്നും പൊതു ഭരണസെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നു.

ഉദ്യോഗസ്ഥർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നു. പൊതുജനത്തിനു നൽകേണ്ട സേവനം മറന്ന് സ്വന്തം കരിയർ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുൽസാഹപ്പെടുത്തണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അത് കൊണ്ട് അവധിയെടുത്ത് കേരള അഡ്മിനിസ്ട്രേറ്റ് സർവ്വീസ് പരീക്ഷ എഴുതുന്നവരെ അയോഗ്യരാക്കുമെന്നാണ് സർക്കാരിന്റെ മുന്നറിപ്പ്. ഫെബ്രുവരി 22നാണ് കെഎഎസിന്‍റെ പ്രാഥമിക പരീക്ഷ നടക്കുന്നത്. ജനുവരി മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ കുറിപ്പില്‍ പിണറായി വിജയന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക.