LiveTV

Live

Kerala

തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം 30 ലധികം കേസുകള്‍; പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നത് വ്യാപകം

അന്യായമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്

തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം 30 ലധികം കേസുകള്‍; പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നത് വ്യാപകം

തൃശ്ശൂരില്‍ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുന്നത് വ്യാപകമാകുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന വകുപ്പടക്കം ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ എ.ഐ.വൈ.എഫ് രംഗത്തെത്തി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് കേസെടുക്കുന്നതെന്നാണ് സമരക്കാര്‍ക്ക് പൊലീസ് നല്‍കുന്ന വിശദീകരണം.

ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്കെതിരായ പൊലീസ് നടപടിയിലും, പൗരത്വ നിയമത്തിനെതിരായിട്ടുമായിരുന്നു എ.ഐ.വൈ.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചത്. മുന്‍കുട്ടി അനുമതി വാങ്ങാതെ സമരം നടത്തിയതിനാണ് പത്തു പ്രവര്‍ത്തകര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യപരമായി സമരം ചെയ്യുന്നവര്‍ക്കതിരെ കേസെടുക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് എ.ഐ.വൈ.എഫ്.

പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്ത എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. അന്യായമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശമില്ലെന്നാണ് ഡി.ജി.പി വിശദീകരിക്കുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്ത എല്ലാവര്‍ക്കെതിരെയും കടുത്ത വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കുന്നുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം ഒരു മാസത്തിനിടെ 30ലേറെ കേസുകളാണ് എടുത്തിട്ടുള്ളത്.