LiveTV

Live

Kerala

ടി.ഒ സൂരജിനെ അഴിമതി കേസില്‍ നിന്ന് ഒഴിവാക്കിയ നടപടി കോടതി തള്ളി; വെട്ടിലായി വിജിലന്‍സ്

ടി.ഒ സൂരജിനെ കേസില്‍ നിന്നൊഴിവാക്കിയ വിജിലന്‍സിനെതിരെ കോടതി

ടി.ഒ സൂരജിനെ അഴിമതി കേസില്‍ നിന്ന് ഒഴിവാക്കിയ നടപടി കോടതി തള്ളി; വെട്ടിലായി വിജിലന്‍സ്

പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി.ഒ സൂരജിനെ കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി കേസില്‍ നിന്നും ഒഴിവാക്കിയ നടപടി തള്ളിയ വിജിലന്‍സ് കോടതിയുടെ വിധി വിജിലന്‍സിന് വന്‍ തിരിച്ചടിയായി. ഈ കേസില്‍ വിജിലന്‍‌സ് സ്വീകരിച്ച നടപടികളെയും രൂക്ഷമായ ഭാഷയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. പക്ഷപാതപരമായ നടപടിയാണ് വിജിലന്‍സിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും കോടതി വിമര്‍ശിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി കേസില്‍ അന്നത്തെ ജില്ലാ കലക്ടറായിരുന്ന ടി.ഒ സൂരജ്, ബീച്ച് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടര്‍ എം വിജയന്‍ എന്നിവരെ കേസില്‍ നിന്നും ഒഴിവാക്കിയ വിജിലന്‍സ് നടപടിയാണ് കോടതി തള്ളിയത്. കേസ് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഈ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അപേക്ഷയിലാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

2003ല്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ ഉണ്ടായത്. ആര്‍.സി.എച്ച് പദ്ധതി പ്രകാരം ഉപകരണങ്ങള്‍ വാങ്ങാനായി 60 ലക്ഷത്തിലധികം രൂപ ചെലവിട്ടു. ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗോള ടെണ്ടര്‍ വിളിക്കാതെ ഏഴ് ടെണ്ടറുകള്‍ വിളിച്ചാണ് ക്രമക്കേടുകള്‍ നടത്തിയതെന്നായിരുന്നു ആക്ഷേപം. അക്കാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്നത് ഡോക്ടര്‍ എം വിജയനായിരുന്നു. ആശുപത്രി വികസന സമിതി ചെയര്‍മാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ ടി ഓ സൂരജും. ടെണ്ടറുകള്‍ അന്ന് സിഡ്കോയ്ക്കാണ് നല്‍കിയത്. തുടര്‍ന്ന് ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നു.

2007ലാണ് വിജിലന്‍സ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഓറിയന്‍റല്‍ സര്‍ജിക്കല്‍സ് എന്ന സ്വകാര്യ സ്ഥാപനം ഉപകരണങ്ങള്‍ വാങ്ങി സിഡ്കോയ്ക്ക് കൈമാറുകയും സിഡ്കോ അത് ആശുപത്രിക്ക് നല്‍കുകയും ചെയ്തതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. 34 ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡോക്ടര്‍ എം വിജയനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ടി.ഒ സൂരജായിരുന്നു രണ്ടാം പ്രതി. സിഡ്കോ മാനേജര്‍ എം.ജി ശശിധരന്‍ ഓറിയന്‍റല്‍ സര്‍ജിക്കല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ടി.എം വാസുദേവന്‍ എന്നിവരായിരുന്നു മൂന്നും നാലും പ്രതികള്‍.

എന്നാല്‍ 2012ല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഡോക്ടര്‍ എം വിജയനേയും ടി.ഒ സൂരജിനേയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നായിരുന്നു കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം.ജി ശശിധരനും ടി.എം വാസുദേവനും വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അപേക്ഷയിലാണ് കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയുത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെങ്കിലും വിജിലന്‍സ് അതിനു മുതിരുമോയെന്നതാണ് ഇനിയറിയേണ്ടത്.