LiveTV

Live

Kerala

പൗരത്വ ഭേദഗതി സമരം: എസ്.കെ.എസ്.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്; രൂക്ഷവിമർശനവുമായി സംഘടനാ നേതൃത്വം

തൃശൂരിൽ റാലി നടത്തുന്നതിനു മുമ്പ് സംഘാടകർ പൊലീസ് സ്‌റ്റേഷനിലെത്തി മുൻകൂർ അനുമതി വാങ്ങിയിരുന്നു. റാലി കടന്നുപോകുന്ന റൂട്ട് പൊലീസിനെ അറിയിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി സമരം: എസ്.കെ.എസ്.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്; രൂക്ഷവിമർശനവുമായി സംഘടനാ നേതൃത്വം

പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്ത എസ്.കെ.എസ്.എസ് തൃശൂർ ജില്ലാ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ വൻ പ്രതിഷേധം. പൊലീസിന്റെ മുൻകൂർ അനുമതി തേടിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി നടത്തിയതെങ്കിലും നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് പത്ത് എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയായിരുന്നു.

തൃശൂരിൽ റാലികളുൾപ്പെടെ വിവിധ പരിപാടികൾ സംഘടന നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേസെടുക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി അഡ്വ. ഹാഫിസ് അബൂബക്കർ സിദ്ദീഖ് അൽ മാലികി പറഞ്ഞു. പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹി ബശീർ ഫൈസി ദേശമംഗലം ഫേസ്ബുക്കിൽ രംഗത്തെത്തി. മുഖ്യമന്ത്രി ആൾക്കൂട്ടത്തിനു മുന്നിൽവന്നു ഘടാഘടിയൻ വർത്തമാനം പറയുകയും അതേസമയം നിയമം തെറ്റിക്കാത്ത പ്രക്ഷോഭങ്ങളെ പോലും പൊലീസ് കേസെടുത്തു പൂട്ടുകയുമാണ് ചെയ്യുന്നതെന്ന് ബശീർ ഫൈസി ആരോപിച്ചു.

തൃശൂരിൽ റാലി നടത്തുന്നതിനു മുമ്പ് സംഘാടകർ പൊലീസ് സ്‌റ്റേഷനിലെത്തി മുൻകൂർ അനുമതി വാങ്ങിയിരുന്നു. റാലി കടന്നുപോകുന്ന റൂട്ട് പൊലീസിനെ അറിയിക്കുകയും ചെയ്തു. ആ സമയത്തൊന്നും തടസ്സം ഉന്നയിക്കാത്ത പൊലീസ് റാലി അവസാനിച്ച ശേഷം കേസെടുക്കുകയാണുണ്ടായതെന്ന് അഡ്വ. ഹാഫിസ് അബൂബക്കർ സിദ്ദീഖ് പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫിനു പുറമെ കെ.എസ്.യു, എസ്.എഫ്.ഐ, സി.പി.ഐ തുടങ്ങിയ സംഘടനാ പ്രവർത്തകർക്കെതിരെയും തൃശൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവർത്തകരുടെ പേരുവിവരങ്ങൾ നൽകാൻ വിസമ്മതിച്ച സി.പി.ഐ നേതൃത്വത്തെ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം ചൂണ്ടിക്കാട്ടി അനുനയിപ്പിക്കുകയായിരുന്നുവെന്ന് 'സുപ്രഭാതം' റിപ്പോർട്ട് ചെയ്തു.

അതിരൂക്ഷ ഭാഷയിലാണ് ബഷീർ ഫൈസി ദേശം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. 'പൗരത്വ നിയമ വിരുദ്ധ സമരങ്ങളിൽ എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ചു പൊതു സമൂഹം ഒന്നിക്കുന്നത് പൊലീസിലെ ചില ഏമാന്മാർക്ക് പിടിക്കുന്നില്ലങ്കിൽ സെന്കുമാർമാർ ഇപ്പോഴും ബാക്കിയുണ്ട് എന്നു ബന്ധപ്പെട്ടവർ ആലോചിക്കുന്നത് നല്ലതാണ്. അതിനൊരു ഉറച്ച തീരുമനം ഉണ്ടായിട് മതി ഇനി ആവേശ പ്രസംഗങ്ങൾ...' ബഷീർ ഫൈസി കുറിച്ചു.

മുഖ്യ മന്ത്രി ആൾക്കൂട്ടത്തിനു മുന്നിൽ വന്നു ഘടാഘടിയൻ വർത്തമാനം പറയുകയും അതേസമയം നിയമം തെറ്റിക്കാത്ത പ്രതിഷേധങ്ങളെ പോലും കേസെടുത്തുപൂട്ടുന്ന ഈ ആഭ്യന്തര വകുപ്പിന്റെ കപടനിലപാടുകൾ അംഗീകരിക്കാനാവില്ല.
ബശീര്‍ ഫൈസി ദേശമംഗലം

പോസ്റ്റിന്റെ പൂർണരൂപം:

പോലീസ് ആരുടെ ചട്ടുകമാണ്!?

ഒരു പൊതുമുതലും നശിപ്പിച്ചിട്ടില്ല. നിയമം തെറ്റിച്ചു റാലി നടത്തിയിട്ടില്ല, മുൻകൂട്ടി അനുമതി വാങ്ങി പ്രതിഷേധ സമരം നടത്തിയതിനാണ് വിചിത്ര ന്യായം പറഞ്ഞു പോലീസ് തൃശൂർ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുഖ്യ മന്ത്രി ആൾക്കൂട്ടത്തിനു മുന്നിൽ വന്നു ഘടാഘടിയൻ വർത്തമാനം പറയുകയും അതേസമയം നിയമം തെറ്റിക്കാത്ത പ്രതിഷേധങ്ങളെ പോലും കേസെടുത്തുപൂട്ടുന്ന ഈ ആഭ്യന്തര വകുപ്പിന്റെ കപടനിലപാടുകൾ അംഗീകരിക്കാനാവില്ല.

പൗരത്വനിയമ വിരുദ്ധ സമരങ്ങളിൽ എല്ലാ അഭിപ്രായഭിന്നതകളും മാറ്റിവെച്ചു പൊതു സമൂഹം ഒന്നിക്കുന്നത് പൊലീസിലെ ചില ഏമാന്മാർക്ക് പിടിക്കുന്നില്ലങ്കിൽ സെൻകുമാർമാർ ഇപ്പോഴും ബാക്കിയുണ്ട് എന്നു ബന്ധപ്പെട്ടവർ ആലോചിക്കുന്നത് നല്ലതാണ്. അതിനൊരു ഉറച്ച തീരുമനം ഉണ്ടായിട്ടുമതി ഇനി ആവേശ പ്രസംഗങ്ങൾ... ഡൽഹി പോലീസിനെ പോലെ കേരള പോലീസും മാറുകയാണെങ്കിൽ മറിച്ചൊരു തീരുമാനം എടുക്കാൻ ഞങ്ങളും നിർബന്ധിതരാകും...

ബഷീര്‍ ഫൈസി ദേശമംഗലം
ബഷീര്‍ ഫൈസി ദേശമംഗലം

പൊതു സമൂഹത്തിന്റെ ഏകതകൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്തു പോലും ഇത്തരം നിലപടുകൾ തുടർന്നാൽ, പൗരത്വ നിയമത്തിനെതിരെ ആർജവത്തോടെ സംസാരിച്ച മുഖ്യമന്ത്രിയെ ഞങ്ങൾ പിന്തുണച്ച ഈ സോഷ്യൽ മീഡിയ തന്നെ ഇരുതല മൂർച്ചയുള്ള വളാണ് എന്നു ഓർക്കുന്നത് നല്ലതാണ്...!

പിണറായി ഇത്തരം ഒരു ഉത്തരവ് കൊടുത്തിട്ടില്ലങ്കിൽ, പോലീസ് മേധാവി പറഞ്ഞിട്ടില്ലങ്കിൽ പിന്നെ എന്തുകൊണ്ട് എന്നു ആലോചിക്കണം.

ഒരു കാരണവും ഇല്ലാതെ പ്രതിഷേധങ്ങളെ കൂച്ചുവിലങ്ങിടാൻ ആണ് പൊലീസിലെ ചില കാവിക്കളസക്കാർ ശ്രമിക്കുന്നതെങ്കിൽ, അവരെ നിലക്ക് നിർത്താൻ ആഭ്യന്തര വകുപ്പിന് ആകുന്നില്ലെങ്കിൽ, ഇനി വല്യ വർത്തമാനം പറച്ചിൽ നിർത്തി ആദ്യം പോലീസിനെ നിയമം പഠിപ്പിക്കൂ...