LiveTV

Live

Kerala

സി.എ.എക്കെതിരായ പ്രക്ഷോഭത്തെ ആര്‍.എസ്.എസിന് ഒറ്റുകൊടുക്കുന്നു; മുല്ലപ്പള്ളിക്കെതിരെ സമസ്ത മുഖപത്രം

എല്‍.ഡി.എഫ് നേട്ടം കൊയ്യുമോയെന്നാണ് ഇക്കൂട്ടരുടെ ഭയമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്

സി.എ.എക്കെതിരായ പ്രക്ഷോഭത്തെ ആര്‍.എസ്.എസിന് ഒറ്റുകൊടുക്കുന്നു; മുല്ലപ്പള്ളിക്കെതിരെ സമസ്ത മുഖപത്രം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം. പൌരത്വ നിയമഭേദഗതിക്കെതിരായ സമരത്തെ ആര്‍.എസ്. എസിന് ഒറ്റുകൊടുക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. എല്‍.ഡി.എഫ് നേട്ടം കൊയ്യുമോയെന്നാണ് ഇക്കൂട്ടരുടെ ഭയമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ എന്ന തലക്കെട്ടില്‍ സുപ്രഭാതത്തില്‍ വന്ന മുഖപ്രസംഗത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ രൂക്ഷ പരാമര്‍ശമുള്ളത്. കേന്ദ്രസര്‍ക്കാരിനെതിരായ യോജിച്ചുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ചില പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടു നിന്നതിനെ വിമര്‍ശിച്ചാണ് തുടക്കം.കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയവും ദേശീയ മാധ്യമങ്ങളില്‍ കൊടുത്ത പരസ്യവും സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ നേട്ടം കൊയ്യുമോയെന്നതാണ് അവരുടെ ഭയമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ദേശീയ തലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീവ്രതയിലേക്ക് വെള്ളമൊഴിക്കാന്‍ നടക്കുന്ന സ്വാര്‍ത്ഥന്‍മാരായ പ്രാദേശിക നേതാക്കള്‍ സമരത്തെ ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കാന്‍ നടക്കുകയാണ്. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിസംഗ മനോഭാവം നാസി ജര്‍മനിയില്‍ ഹിറ്റ്ലര്‍ നിയമങ്ങള്‍ പാസാക്കുമ്പോള്‍ അവിടത്തെ പ്രതിപക്ഷ കക്ഷികള്‍ കാണിച്ചതിന് സമാനമാണ്.

കോഴിക്കോട് ഭരണഘടനാ സംരക്ഷണ റാലി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ അധ്യക്ഷനായത് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉല മ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ല്യാരായിരുന്നുവെന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരസ്പരം വിഴുപ്പലക്കാന്‍ വേണ്ടിയെങ്കിലും ഇന്ത്യ നിലനില്‍ക്കണമെന്ന മഹാമനസ്കത നേതാക്കള്‍ കാണിക്കണം. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ എന്നത് ഇക്കൂട്ടര്‍ മറക്കരുത്. ഈ ബോധം തീണ്ടാത്ത ഇടുങ്ങിയ മനസിന്റെ ഉടമകളായ നേതാക്കള്‍ മതേതര രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമെന്ന താക്കീതോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.