LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളം തന്നെ ആദ്യം കോടതിയെ സമീപിക്കണമെന്നത് ഒരു പൊതുവികാരമായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തര്‍ക്കത്തിലിടപെടാന്‍ സുപ്രീംകോടതിക്ക് അനുമതി നല്‍‍കുന്ന ഭരണഘടന അനുഛേദം 131 പ്രകാരമാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ CAAക്കെതിരെ കോടതിയെ സമീപിക്കുന്നത്.

നിയമ ഭേദഗതി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മതത്തിന്റെയും ചില പ്രത്യേക രാഷ്ട്രങ്ങളുടെയും അടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്നത് നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടന അനുഛേദം 14ന്റെ നഗ്നമായ ലംഘനമാണ്. ഭേദഗതി പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്ന വാദം പൂര്‍ത്തീകരിക്കാന്‍ ഉതകുന്നതല്ല. നിയമഭേദഗതി വിവേചനപരവും ഭരണഘടനയുടെ മതേതര സ്വഭാവത്തെ വെല്ലുവിളിക്കുന്നതുമാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതാണ് ഹരജി.

കോടതിയെ സമീപിക്കണമെന്നത് പൊതു തീരുമാനമായിരുന്നുവെന്നായിരുന്നു നിയമമന്ത്രി എ കെ ബാലന്‍റെ പ്രതികരണം. കേരളം തന്നെ ആദ്യം കോടതിയെ സമീപിക്കണമെന്നത് ഒരു പൊതുവികാരമായിരുന്നുവെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ രീതിയില്‍ മുന്നോട്ട് വരണമെന്നും എ. കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

സംഘപരിവാർ മസിൽ പവർ കൊണ്ട് പൌരത്വ നിയമം നടപ്പാക്കാമെന്ന് കരുതേണ്ടെന്ന് മന്ത്രി ഇ. പി ജയരാജന്‍. പൗരത്വ നിയമ ഭേദഗതിയെ കേരളം അംഗീകരിക്കില്ല. അതു തടയാൻ എല്ലാ വഴികളും തേടുമെന്നും അതിന്റെ ഭാഗമായാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ താന്‍ നേരത്തെ ഹരജി നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ടി.എന്‍ പ്രതാപന്‍ എം.പി, മുസ്‍ലിം ലീഗ്, സമസ്ത, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി അടക്കമുള്ള ‌സംഘടനകളും ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല, ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോകണ്ടെന്നും മുഖ്യമന്ത്രി
Also Read

ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല, ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോകണ്ടെന്നും മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതലെ സര്‍ക്കാര്‍ എതിരായിരുന്നു. പ്രതിപക്ഷവും പൗരത്വ നിയമത്തിനെ പിന്തുണച്ചിരുന്നില്ല. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് കേന്ദ്ര സർക്കാർ വിചാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു.

ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.