LiveTV

Live

Kerala

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു

പ്രതികളെ രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിയുന്നത്

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു

കളിയിക്കാവിളയിൽ തമിഴ്നാട് സ്പെഷ്യൽ എസ് ഐയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികൾ പിടിയിലായി. അബ്ദുൽ ഷമീം, തൌഫീഖ് എന്നിവരാണ് ഉഡുപ്പിയിൽ പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

കർണാടക ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഷമീമും തൌഫീഖും പോലീസിന്‍റെ പിടിയിലായത്. കർണാടക പോലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ പ്രതികളുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പ്രതികൾ വലയിലായത്. ഷമീമിനെയും തൌഫീഖിനെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇന്ദ്രാളി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതികൾ പിടിയിലായതോടെ കേസിൽ ഗൂഡാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും.

പ്രതികളെ രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട് ടാസ്ക് പോലീസിലെ സ്പെഷ്യൽ എസ് ഐ വിൻസന്ർറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കന്യാകുമാരി സ്വദേശികളായ തൌഫീഖും ഷമീമുമാണ് കൃത്യം നടത്തിയതെന്ന് പോലീസിന് കണ്ടെത്താനായി. അതേസമയം സ്പെഷ്യൽ എസ് ഐയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ മുഴുവൻ അതിർത്തി ചെക്പോസ്റ്റുകളിലേയും പോലീസുകാർക്ക് തോക്ക് അനുവദിച്ചുനൽകി. ചെക്പോസ്റ്റുകളിൽ അംഗബലം വർദ്ദിപ്പിക്കാനും തമിഴ്നാട് ഡിജിപി നിർദേശം നൽകി.