LiveTV

Live

Kerala

ചെങ്ങോട്ടുമലയില്‍ തുടങ്ങാന്‍ പോകുന്നത് ജില്ലയിലെ ഏറ്റവും വലിയ ക്വാറിയെന്ന് വിവരാവകാശ രേഖ

ചെങ്ങോട്ടുമലയിലെ ഖനനം ഉരുള്‍പൊട്ടല്‍ സാധ്യത വിളിച്ചുവരുത്തുമെന്ന പഠനങ്ങള്‍ നിലനില്‍ക്കെയാണ് നീക്കം. സമരം ശക്തമാക്കാനൊരുങ്ങുകയാണ് ചെങ്ങോട്ടുമല സംരക്ഷണ സമിതി

ചെങ്ങോട്ടുമലയില്‍ തുടങ്ങാന്‍ പോകുന്നത് ജില്ലയിലെ ഏറ്റവും വലിയ ക്വാറിയെന്ന് വിവരാവകാശ രേഖ

കോഴിക്കോട് ചെങ്ങോട്ടുമലയില്‍ ആരംഭിക്കാന്‍ പോകുന്നത് ജില്ലയിലെ ഏറ്റവും വലിയ ക്വാറിയെന്ന് വിവരാവകാശ രേഖ. മൂന്ന് ലക്ഷത്തോളം മെട്രിക് പാറ പൊട്ടിക്കാന്‍ ലക്ഷ്യം വെച്ച് ഡെല്‍റ്റ കമ്പനി വീണ്ടും അപേക്ഷ നല്‍കി. ജില്ലാ ജിയോളജി വകുപ്പില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പാറപൊട്ടിക്കുന്നത് കൂടരഞ്ഞിയിലാണ്. 85,790 മെട്രിക് ടണ്‍ പാറയാണ് ഇവിടെ നിന്നും പൊട്ടിക്കുന്നത്. ചെങ്ങോട്ടുമലയില്‍ ഖനനത്തിനായി ലക്ഷ്യമിടുന്നതാകട്ടെ 2,88,800 മെട്രിക് ടണും. നിലവിലുള്ളതിന്റെ നാലിരട്ടിയോളം പാറ ചെങ്ങോട്ടുമലയില്‍ നിന്ന് പൊട്ടിക്കാനുദ്ദേശിക്കുന്നു. ഡെല്‍റ്റ കമ്പനി നല്കിയ ലീസ് എഗ്രിമെന്റിലാണ് പൊട്ടിക്കാനുദ്ദേശിക്കുന്ന പാറയുടെ കണക്കുള്ളത്.

ചെങ്ങോട്ടുമലയിലെ ഖനനം ഉരുള്‍പൊട്ടല്‍ സാധ്യത വിളിച്ചുവരുത്തുമെന്ന് ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു. ഇതിനിടെയാണ് ഇത്രയും വലിയ രീതിയിലാണ് ഒരു മല തുരക്കാന്‍ ലക്ഷ്യമിടുന്നതെന്ന് വിവരാവകാശ രേഖ തന്നെ പറയുന്നത്.

വിവിധ സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥ ഇതോടെ തകരും. നീര്‍ചാലുകള്‍ ഇല്ലാതാകും. ഇത്ര വലിയ ക്വാറിയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളുമാകുമ്പോള്‍ വലിയ രീതിയിലുള്ള ജലചൂഷണവും ഉണ്ടാകും. ചെങ്ങോട്ടുമലയില്‍ ഖനനം നടത്താനായുള്ള ഡെല്‍റ്റ കമ്പനിയുടെ അപേക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനതല അപ്രൈസല്‍ കമ്മിറ്റി പരിശോധന നടത്തിയ സാഹചര്യത്തില്‍, സമരം ശക്തമാക്കാനൊരുങ്ങുകയാണ് ചെങ്ങോട്ടുമല സംരക്ഷണ സമിതി..