ചെങ്ങോട്ട്മല ഖനനത്തിനായുള്ള അപേക്ഷയില്‍ നടന്ന പരിശോധനക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍
ഡെല്‍റ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് ഒപ്പമാണ് പരിശോധനാസംഘം എത്തിയത്
കോഴിക്കോട് ചെങ്ങോട്ട് മലയില്‍ ഖനനത്തിനായി പാരിസ്ഥിതികാനുമതി തേടിയുള്ള ക്വാറി ഉടമയുടെ അപേക്ഷയെ തുടര്‍ന്ന് നടത്തിയ പരിശോധനക്കെതിരെ ചെങ്ങോട്ട്മല ആക്ഷന്‍ കൌണ്‍സില്‍ രംഗത്ത് എത്തി. പരാതിക്കാരെ അറിയിക്കാതെ ക്വാറി മുതലാളിക്ക് ഒപ്പമാണ് പരിശോധന സംഘം എത്തിയതെന്നാണ് ഇവരുടെ ആരോപണം. സിയാകിന്റെ ഭാഗത്ത് നിന്ന് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൃത്യമായ ആശയ വിനിമയം ഉണ്ടായില്ലെന്നാണ് പഞ്ചായത്തിന്റെയും നിലപാട്.
പാരിസ്ഥിതികാനുമതി തേടി സംസ്ഥാന തല അപ്രൈസല്‍ കമ്മറ്റിക്ക് മുമ്പാകെ ഡെല്‍റ്റാ ഗ്രൂപ്പ് നല്കിയ അപേക്ഷയില്‍ ഞായറാഴ്ച ചെങ്ങോട്ട് മലയില്‍ പരിശോധന നടത്തിയത്. സിയാകില്‍ നിന്നുള്ള രണ്ട് അംഗ സംഘമായിരുന്നു പരിശോധനക്ക് എത്തിയത്. പഞ്ചായത്ത് പ്രതിനിധികളും ഖനന വിരുദ്ധ സമര സമിതി പ്രവര്‍ത്തകരും പരിശോധ സംഘത്തെ കാത്ത് നിന്നിരുന്നെങ്കിലും ഡെല്‍റ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് ഒപ്പമാണ് ഇവര്‍ എത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി സമര സമിതി പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു
ഉന്നത ഉദ്യോഗസ്ഥത തലത്തില്‍ ക്വാറിക്ക് അനുമതി നല്‍കാനുള്ള ആസൂത്രിത നീക്കം വീണ്ടും നടക്കുന്നതായും നാട്ടുകാര്‍ സംശയിക്കുന്നു. പരിശോധന സംഘത്തിന്റെ സന്ദര്‍ശനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കോട്ടൂര്‍ പഞ്ചായത്തും വ്യക്തമാക്കി. ഡെല്‍റ്റാ പാരിസ്ഥിതികാനുമതിക്ക് വീണ്ടും അപേക്ഷ നല്‍കിയതറിഞ്ഞ് ഭരണ സമിതി സംസ്ഥാന തല സമിതിക്ക് നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി