LiveTV

Live

Kerala

ശബരിമല യുവതി പ്രവേശം; പുനഃപരിശോധന ഹരജികളില്‍ ഇപ്പോള്‍‌ വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി

പുനഃപരിശോധന ഹരജികളിൽ വാദം മുന്നോട്ടുവെച്ചപ്പോഴായിരുന്നു കോടതി ഇടപെടൽ. ഏഴ് നിയമപ്രശ്നങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി

ശബരിമല യുവതി പ്രവേശം; പുനഃപരിശോധന ഹരജികളില്‍ ഇപ്പോള്‍‌ വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ വാദം കേൾക്കുന്നില്ലെന്ന് സുപ്രീം കോടതി. പുനഃപരിശോധന ഹരജികളിൽ വാദം മുന്നോട്ടുവെച്ചപ്പോഴായിരുന്നു കോടതി ഇടപെടൽ. ഏഴ് നിയമപ്രശ്നങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.

ശബരിമല വിഷയമുള്‍പ്പെടെയുള്ള മതപരമായ ആചാരങ്ങളിലെ കോടതി ഇടപെടല്‍ സംബന്ധിച്ച വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്തും. ഇതിനായി അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാന്‍ വിശാലബഞ്ച് നിര്‍ദേശിച്ചു. ജനുവരി 17നാണ് ഇതിനായി യോഗം ചേരുക.

മതങ്ങളുടെ ആചാര അനുഷ്ഠeനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിലാണ് ഒന്‍പതംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത്.

ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നം സുപ്രീം കോടതിയിൽ ഉയർന്നപ്പോൾ ഏഴ് ചോദ്യങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും പരസ്പരം എങ്ങനെയാണ് നിലനിൽക്കുക. മത വിശ്വസത്തിലും ആചാരങ്ങളിലും ഇടപെടാന്‍ കോടതികൾക്ക് അധികാരമുണ്ടോ, മതങ്ങളിലെ ആചാരങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം മതമേലധ്യക്ഷന്മാര്‍ക്കുണ്ടോ, തുടങ്ങിയവയാണ് ചോദ്യങ്ങൾ. ഇതോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, മറ്റ് മതത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം തുടങ്ങിയ വിഷയങ്ങളും ശബരിമല അയ്യപ്പ ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോയെന്ന ചോദ്യവും ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

ശബരിമലയില്‍ യുവതികൾക്കും പ്രവേശം ആകാമെന്ന സുപ്രീം കോടതി ഭരണഘടന ബെ‍ഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുമ്പോഴാണ് മറ്റു മതങ്ങളിലെ വിവേചനവും പൊതുവായ നിയമ പ്രശ്നങ്ങളും ഉയർന്ന് വന്നത്. നിയമ പ്രശ്നങ്ങൾ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധി എഴുതി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിൽ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്.