പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി യോഗം; കടകള്‍ അടച്ച് ബഹിഷ്കരിച്ച് വ്യാപാരികള്‍
കുറ്റ്യാടിയിലും നരിക്കുനിയിലും റാലി ആരംഭിക്കുന്നതിന് മുന്‍പേ കടകളടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ കോഴിക്കോട് രണ്ടിടത്ത് നാട്ടുകാര്‍ ബഹിഷ്കരിച്ചു. കുറ്റ്യാടിയിലും നരിക്കുനിയിലും റാലി ആരംഭിക്കുന്നതിന് മുന്‍പേ കടകളടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു. ഇതോടെ പരിപാടി കേള്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലാതെ മറ്റാരും സ്ഥലത്ത് ഇല്ലാതായി.
ബി.ജെ.പിയുടെ റാലി ആരംഭിക്കുന്നതിന് മുന്നേ തന്നെ കുറ്റ്യാടിയിലെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ചു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന വിശദീകരണങ്ങള്‍ തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. നരിക്കുനിക്കാരും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴ വളഞ്ഞവഴിയിലും നാട്ടുകാര്‍ ബി.ജെ.പിയുടെ വിശദീകരണത്തോട് സമാനമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു.