LiveTV

Live

Kerala

കെ.എല്‍.എഫിനെ ചൊല്ലി വിവാദം; ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശനം

മത ജീവിതത്തില്‍ നിന്നും മത രഹിത ജീവിതത്തിലേക്ക് എന്ന സെഷനാണ് വിവാദത്തിലായത്

കെ.എല്‍.എഫിനെ ചൊല്ലി വിവാദം; ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശനം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലെ മത ജീവിതത്തില്‍ നിന്നും മത രഹിത ജീവിതത്തിലേക്ക് എന്ന സെഷനെ ചൊല്ലി വിവാദം. ഇസ്‍ലാം മതം ഉപേക്ഷിച്ചവരെ മാത്രം പങ്കെടുപ്പിക്കുന്നുവെന്ന വിമര്‍ശനമാണ് സംഘാടകര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്തോടെ ഡിസി ബുക്സാണ് ഫെസ്റ്റ് വെല്‍ നടത്തുന്നത്. വിഷയത്തിലുള്ള പ്രതിഷേധം വിവിധ മുസ്‍ലിം സംഘടനകളും കൂട്ടായ്മകളും സംഘാടകരെ അറിയിച്ചു.

ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് മത ജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തിലുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നത്. സംഘാടകര്‍ പ്രസിദ്ധീകരിച്ച നോട്ടീസ് പ്രകാരം ഈ ചര്‍ച്ചയില്‍‌ പങ്കെടുക്കുന്നത് ജാമിത, ജസ്ല മാടശ്ശേരി, റഫീഖ് മംഗലശേരി എന്നിവരാണ്. ഇവര്‍ മൂന്ന് പേരും ഒരു മതത്തെ ഉപേക്ഷിച്ചവരാണ്. എന്തു കൊണ്ട് സംഘാടകര്‍ മറ്റ് മതങ്ങളെ കൈയൊഴിഞ്ഞവരെ ചര്‍ച്ചയുടെ ഭാഗമാക്കിയില്ലായെന്നതാണ് ആദ്യമുയരുന്ന ചോദ്യം. ഇത് ചൂണ്ടികാട്ടി സര്‍ക്കാര്‍ ചിലവില്‍ ഇസ്‍ലാമോഫോബിയ സംഘാടകര്‍ പ്രചരിപ്പിക്കുകയാണെന്ന കടുത്ത ആക്ഷേപം സോഷ്യല്‍ മീഡിയകളിലടക്കം പലരും ഉയര്‍ത്തി. മുസ്‍ലിം സംഘടനകളും ഡിസി ബുക്ക്സ് അടക്കമുള്ള സംഘാടകരോട് ഇക്കാര്യത്തിലുള്ള വിമര്‍ശനം അറിയിക്കുകയും ചെയ്തു. ഇതിനിടയിലും സംഘടകരുടെ മുന്‍ നിലപാടുകളടക്കം ഉയര്‍‌ത്തി കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

''നിങ്ങള്‍ ഒന്നുകില്‍ പാകിസ്ഥാനൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍‌ക്കൊപ്പം എന്ന് സംഘപരിവാര്‍ വിഷം ചീറ്റുന്ന കാലത്ത് കേരളത്തില്‍ രവി ഡിസി മുതല്‍ എ.കെ അബ്ദുല്‍ ഹകീം വരെയുള്ള ''സാംസ്കാരിക തീര്‍പ്പുകാര്‍ '' കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇസ്‍ലാമോഫോബിയുടെ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. കെ.എല്‍.എഫിലെ മുസ്‍ലിം വിരുദ്ധത ഇതാദ്യത്തേതല്ല. പക്ഷേ മോദിയും അമിത് ഷായും മുസ്‍ലിംകളെ പുറത്താക്കാന്‍ നിയമം പാസാക്കിയ കാലത്തും ആ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകുന്ന വിധത്തിലുള്ള പ്രോഗ്രാമുകളുണ്ടല്ലോ. മറയില്ലാതെ മുസ്‍ലിം വിരുദ്ധത പുറത്തേക്ക് ചീറ്റുന്ന ആര്‍.എസ്.എസുകാരേക്കാള്‍ അശ്ലീലമാണതെന്നായിരുന്നു മര്‍ക്കസ് മീഡിയ കോഡിനേറ്ററായ എം ലുഖ്മാന്‍ ഫേസ് ബുക്കിലൂടെ സംഘാടകരെ ഓര്‍മ്മിപ്പിച്ചത് ''.

'' സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഇടതു പക്ഷത്തിന്റെ സാംസ്കാരിക പിന്‍ബലവുമുള്ള പരിപാടിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നട്ടുച്ചയില്‍ രാജ്യം തിളച്ചു മറിയുന്ന നാളുകളില്‍ ഇത് പോലെ ഇസ്‍ലാമോഫോബിക് ആയ ഒരു സെഷന്‍ കെ.എല്‍.എഫില്‍ ഉണ്ടാകുന്നു എന്നത് എത്രമാത്രം ലജ്ജാകരമാണ്. ഒരാള്‍ / ഒന്നിലേറെ പേര്‍ ഇസ് ലാം ഉപേക്ഷിക്കുന്നത് ആഘോഷിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധത അവിടെ നില്‍ക്കട്ടെ, പൊതു ബോധത്തിന് ഇത്തരം ആഘോഷങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ സന്ദേശമെന്താണെന്നെങ്കിലും സംഘാടകര്‍ ആലോചിക്കേണ്ടതല്ലെ എന്നതായിരുന്നു എസ്.വൈ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദലി കിനാലൂര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ചോദ്യം.''

'ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുക മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാവും. കെ.എല്‍.എഫിന്റെ കാര്‍മികര്‍ ഡി.സി ബുക്സാണെങ്കിലും അതിന് ഫണ്ട് ചെയ്യുന്നത് കേരള സര്‍ക്കാരാണ്. അതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ ഇസ് ലാമോഫോബിയ ഇസ് ലാമോഫോബിയ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഇസ്‍ലാമിക് പബ്ലിഷിങ് ഹൌസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെടി ഹുസൈന്‍ കുട്ടൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.''

അതിനിടെ പാനലിസ്റ്റുകളില്‍ ഒരാളായ ജസ്‍ല മാടശേരി താന്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ അറിയിച്ചു. മൂന്ന് മുന്‍ മുസ്‍ലിംകള്‍ മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം തന്നെ തന്നെ ബുദ്ധിമുട്ടിച്ചുവെന്ന് പറഞ്ഞ ജസ്‍ല സംഘപരിവാറിന് ഇതൊരു വാളാകുമെന്ന് കൂടി സംഘാകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

സംഘാടകരെ പ്രതിഷേധം അറിയിച്ച സംഘടനകള്‍ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍, സര്‍‌ക്കാര്‍ ഫണ്ട് നല്‍കുന്ന ഫെസ്റ്റിവല്‍ എന്ന നിലക്ക് സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്.

കെ.എല്‍.എഫിനെ ചൊല്ലി വിവാദം; ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശനം
കെ.എല്‍.എഫിനെ ചൊല്ലി വിവാദം; ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശനം
കെ.എല്‍.എഫിനെ ചൊല്ലി വിവാദം; ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശനം
കെ.എല്‍.എഫിനെ ചൊല്ലി വിവാദം; ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്ന് വിമര്‍ശനം