വിവാദം മുറുകിയതോടെ മാറ്റങ്ങളുമായി കെ.എല്‍.എഫ്; പരിപാടിയുടെ സ്വഭാവം മാറ്റി സംഘാടകര്‍
തലക്കെട്ടിലും പാനലിലും അഴിച്ചു പണി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ 'മത ജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക്' എന്ന സെഷന് വിവാദമായതോടെ തിരുത്തല്‍ നടപടിയുമായി സംഘാടകര്‍. പരിപാടിയുടെ പേര് തന്നെ സംഘാടകര്‍ പുതുക്കി. ‘മത ജീവിതം, മത രഹിതം ജീവിതം’ എന്നതാണ് പുതിയ തലക്കെട്ട്. മാത്രമല്ല നേരത്തെ ഒരു മതം മാത്രം ഉപേക്ഷിച്ചവരെയാണ് ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ആ മതത്തില്‍ നിന്നുള്ള രണ്ട് പ്രഭാഷകരെ കൂടി സംവാദത്തിന്റെ ഭാഗമാക്കുകയും ചെയ്തു.
മത ജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന സെഷനില്‍ ജാമിത, ജസ്ല മാടശേരി, റഫീഖ് മംഗലശേരി എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയതായിരുന്നു വിവാദങ്ങളിലേക്ക് വഴിവെച്ചത്. ഇസ്ലാം മതം മാത്രം ഉപേക്ഷിച്ചവരെ അണിനിരത്തി കെ.എല്‍.എഫ് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം. സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗിച്ച് നടത്തുന്ന ഫെസ്റ്റിവലിലെ ഇത്തരം നീക്കങ്ങള്‍ സംഘപരിവാറിന് വളം വെക്കുന്നതാണെന്ന വാദവും ഇതിനിടെ ഉയര്‍ന്ന് വന്നു. വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് സംഘാടകര്‍ പുതിയ നീക്കം നടത്തിയത്. വിവാദത്തില്‍ നിന്നും തലയൂരാനായി തലക്കെട്ട് പരിഷ്കരിച്ച് മത ജീവിതം,മത രഹിത ജീവിതം എന്നാക്കിയതിന് പിന്നാലെ മുജാഹിദ് യുവ നേതാവായിരുന്ന മുജീബ് റഹ്മാന് കിനാലൂരിനേയും എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീമിനേയും സംവാദത്തിന്റെ പാനലില്‍ ഉള്‍പ്പെടുത്തി. സെഷന് വിവാദമായപ്പോള്‍ തന്നെ പിന്മാറിയ ജസ്ല മാടശേരിക്ക് പകരം ആബിദ ജോസഫിനേയും പാനലിന്റെ ഭാഗമാക്കിയിട്ടുണ്ട്. പരിപാടിയുടെ ആദ്യ നോട്ടീസ് പുറത്ത് വന്നതിന് പിന്നാലെ തന്നെ വിവിധ സംഘടനകളും വ്യക്തികളും പരിപാടിയുടെ നടത്തിപ്പുകാരായ ഡി.സി ബുക്ക്സിനെയും ഫെസ്റ്റിവല്‍ ഡയറക്ടറേയും പ്രതിഷേധം അറിയിച്ചിരുന്നു.