കളിയിക്കാവിള കൊലപാതകം; കസ്റ്റഡിയിലെടുത്തവരുടെ ഫോണ്‍ കോളുകള്‍ ഒരിക്കല്‍ കൂടി പരിശോധിക്കും
കസ്റ്റഡിയിലെടുത്ത ആറ് പേരില്‍ 5 പേരെ വിട്ടയച്ചു

കളിയിക്കാവിളയില്‍ എസ്.ഐയെ വെടിവെച്ചു കൊന്ന കേസില്‍ കസ്റ്റഡിയിലെടുത്തവരുടെ ഫോണ്‍ കോളുകള്‍ ഒരിക്കല്‍ കൂടി പൊലീസ് പരിശോധിക്കും. കേസില്‍ തിരുച്ചിറപ്പള്ളി സ്വദേശിയായ പൊലീസുകാരനെയും ചോദ്യം ചെയ്തു. തെന്മല പാലരുവിയില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ആറംഗ സംഘത്തിലെ അഞ്ച് പേരെ വിട്ടയച്ചു.
തെൻമല പാലരുവിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ആറംഗ സംഘത്തിൽ അഞ്ച് പേരെയാണ് വിട്ടയച്ചത്. തിരുനെൽവേലി സ്വദേശി ഷെയ്ഖ് പരീദ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളുടെ ഫോൺ കോളുകൾ ഒരിക്കൽ കൂടി പരിശോധിക്കണമെന്ന് പൊലീസ് പറയുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത നിസാൻ സണ്ണി കാര്‍ പൊലീസ് വിട്ട് കൊടുത്തിട്ടില്ല. അതേ സമയം സംഭവത്തിൽ ഒരു പൊലീസുകാരനെ ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയായ ഇയാൾ കേസിൽ സംശയിക്കുന്നവർക്കൊപ്പം നിൽക്കുന്ന ചിത്രം പൊലീസിന് ലഭിച്ചിരുന്നു. പ്രതികളെ സഹായിച്ചെന്ന് കരുതപ്പെടുന്ന സെയ്ദാലിക്ക് വേണ്ടിയും തിരച്ചിൽ ഊർജ്ജിതമാണ്.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസിലെ സ്പെഷ്യൽ എസ്.ഐയായിരുന്ന വിൽസണെ ഒരു സംഘം വെടിവെച്ചു കൊന്നത്.സംഭവത്തിൽ 20ലേറെ പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്