LiveTV

Live

Kerala

ചെങ്ങോട്ടുമല ഖനനം; പരിശോധനാസംഘം എത്തിയത് ക്വാറി ഉടമക്കൊപ്പം, പ്രതിഷേധവുമായി ആക്ഷന്‍ കൌണ്‍സില്‍

പരിശോധനയ്ക്കെതിരെ ചെങ്ങോട്ടുമല ആക്ഷന്‍ കൌണ്‍സില്‍, പരാതിക്കാരെ അറിയിക്കാതെ ക്വാറി മുതലാളിക്കൊപ്പമാണ് പരിശോധനാസംഘം എത്തിയതെന്നാണ് ആരോപണം

ചെങ്ങോട്ടുമല ഖനനം; പരിശോധനാസംഘം എത്തിയത് ക്വാറി ഉടമക്കൊപ്പം, പ്രതിഷേധവുമായി ആക്ഷന്‍ കൌണ്‍സില്‍

കോഴിക്കോട് ചെങ്ങോട്ടുമലയില്‍ ഖനനത്തിനായി പാരിസ്ഥിതികാനുമതി തേടിയുള്ള ക്വാറി ഉടമയുടെ അപേക്ഷയെതുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കെതിരെ ചെങ്ങോട്ടുമല ആക്ഷന്‍ കൌണ്‍സില്‍. പരാതിക്കാരെ അറിയിക്കാതെ ക്വാറി മുതലാളിക്കൊപ്പമാണ് പരിശോധനാസംഘം എത്തിയതെന്നാണ് ആരോപണം. സിയാകിന്‍റെ ഭാഗത്തുനിന്ന് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയം ഉണ്ടായില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.

പാരിസ്ഥിതികാനുമതി തേടി സംസ്ഥാനതല അപ്രൈസല്‍ കമ്മറ്റിക്കുമുമ്പാകെ ഡെല്‍റ്റ ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് ഞായറാഴ്ച ചെങ്ങോട്ടുമലയില്‍ പരിശോധന നടത്തിയത്. സിയാകില്‍ നിന്നുള്ള രണ്ടംഗ സംഘമാണ് പരിശോധനയ്ക്കെത്തിയത്. പഞ്ചായത്ത് പ്രതിനിധികളും ഖനനവിരുദ്ധ സമരസമിതി പ്രവര്‍ത്തകരും പരിശോധനാസംഘത്തെ കാത്തുനിന്നെങ്കിലും ഡെല്‍റ്റ ഗ്രൂപ്പ് പ്രതിനിധികള്‍ക്കെപ്പമാണ് ഇവരെത്തിയതെന്നാണ് ഉയരുന്ന ആക്ഷേപം.

ഇത് ആശങ്കയ്ക്കിടയാക്കുന്നതായി സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ഉന്നത ഉദ്യോഗസ്ഥതതലത്തില്‍ ക്വാറിക്ക് അനുമതി നല്‍കാനുള്ള ആസൂത്രിതനീക്കം വീണ്ടും നടക്കുന്നതായും നാട്ടുകാര്‍ സംശയിക്കുന്നു. പരിശോധന സംഘത്തിന്‍റെ സന്ദര്‍ശനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കോട്ടൂര്‍ പഞ്ചായത്തും വ്യക്തമാക്കി. ഡെല്‍റ്റ പാരിസ്ഥിതികാനുമതിക്ക് വീണ്ടും അപേക്ഷ നല്‍കിയതറിഞ്ഞ് ഭരണസമിതി സംസ്ഥാനതല സമിതിക്ക് നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.