LiveTV

Live

Kerala

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍

ഈ മാസം 15ന് ചേരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ സുഭാഷ് വാസുവിനെ പുറത്താക്കുന്നത് ചർച്ച ചെയ്യും

ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍

എസ്.എൻ.ഡി.പി.യിലും, ബി.ഡി.ജെഎസിലും വിമത നീക്കത്തിന് ശ്രമിച്ച സുഭാഷ് വാസുവിനെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ. ഈ മാസം 15ന് ചേരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ സുഭാഷ് വാസുവിനെ പുറത്താക്കുന്നത് ചർച്ച ചെയ്യും. അതേ സമയം എസ്.എൻ.ഡി.പി മാവേലിക്കര യൂണിയനിലെ രേഖകൾ മോഷ്ടിച്ചതിന് സുഭാഷ് സുവിനെതിരെ അഡ്മിനിസ്ട്രേറ്റർ ഡി.ജി.പി.ക്ക് പരാതിയും നൽകി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയാണ് മാവേലിക്കര യൂണിയൻ പ്രസിഡന്‍റായിരുന്ന സുഭാഷ് വാസുവിനെതിരെ ആദ്യം വാളെടുത്തത്.

എന്നാൽ പിന്നീട് പോര് വെള്ളാപ്പള്ളി കുടുംബത്തിനു നേർക്കാക്കി. ഇതോടെ ബി.ഡി.ജെ.എസിലും സുഭാഷ് വാസുവിനെതിരെ പടയൊരുക്കം ആരംഭിച്ചു. നിലവിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുഭാഷ് വാസു. ഈ മാസം 15ന് തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ വാസുവിനെ പുറത്താക്കുന്ന കാര്യം ചർച്ച ചെയ്യും. കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അമിത് ഷാക്ക് കത്ത് നൽകും. മൈക്രോ ഫിനാൻസ് തട്ടിപ്പിലടക്കം വാസുവിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കൂടി കിട്ടിയില്ലെങ്കിൽ 20ന് ചേരുന്ന സംസ്ഥാന കൗൺസിൽ സുഭാഷ് വാസുവിനെ പുറത്താക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിലെ ഗുരുദേവന്‍റെ പഞ്ചലോഹ വിഗ്രഹവും മിനിട്ട്സ് ബുക്ക് മൈക്രോ ഫിനാൻസ് രേഖകൾ എന്നിവ മോഷ്ടിച്ചതിനാണ് വാസുവിനെതിരെ അഡ്മിനിസ്ട്രേറ്റർ സിനിൽ മുണ്ടപ്പള്ളി ഡി.ജി.പി.ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും കൂടി പരാതി നൽകും. അതേ സമയം ഈ മാസം 16ന് മുൻ ഡി.ജി.പി സെൻകുമാറിനൊപ്പം തിരുവനന്തപുരത്ത് നടത്തുന്ന വാർത്ത സമ്മേളനത്തിൽ വെള്ളാപ്പള്ളി കുടുംബത്തിനെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുള്ള നീക്കത്തിലാണ് സുഭാഷ് വാസു.