പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു
പ്രതിഷേധ റാലി സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ ഉദ്ഘാടനം ചെയ്തു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച ബഹുജന റാലിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. തിരുവനന്തപുരം കിഴക്ക് കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ മേധാ പട്കർ, ജസ്റ്റിസ് ഷംസുദ്ദീൻ, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർഥികളും പൊതു പ്രവർത്തകരും മാർച്ചിൽ പങ്കാളികളായി. ഗാന്ധിപാർക്കിൽ നടന്ന പൊതുസമ്മേളനം മേധാപട്കർ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ തലശേരിയിലായിരുന്നു എല്‍.ഡി.എഫിന്റേ നേതൃത്വത്തില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും വർഗ്ഗീയ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്രസമരത്തിന് സമാനമായ പ്രക്ഷോഭമാണിപ്പോൾ നടക്കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, സ്വാമി സന്ദീപാനന്ദഗിരി, പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.