LiveTV

Live

Kerala

മിഷന്‍ ഫ്ലാറ്റ് പൂര്‍ണം: ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി

എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍ എന്നീ ഫ്ലാറ്റുകള്‍ ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ത്തു.

മിഷന്‍ ഫ്ലാറ്റ് പൂര്‍ണം: ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ലാറ്റുകളും പൊളിച്ചു. ഇന്നലെയും ഇന്നുമായാണ് സുപ്രീംകോടതി വിധി നടപ്പാക്കിയത്. എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍ എന്നീ ഫ്ലാറ്റുകള്‍ ഇന്നലെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ത്തു. രണ്ട് ദിവസങ്ങളിലായി നടത്തിയ നിയന്ത്രിത സ്ഫോടനങ്ങള്‍ പൂര്‍ണവിജയമാണ്. സമീപത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം സുരക്ഷിതമാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു.

ഇന്ന് രാവിലെ 11.02നാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റായ ജെയിന്‍ കോറല്‍ കോവ് തകര്‍ത്തത്. ഉച്ചയ്ക്ക് ശേഷം പൊളിക്കുന്നതിലെ ഏറ്റവും ചെറിയ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരം നിലംപൊത്തി. എച്ച്.ടു.ഒ ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനിയാണ് ഈ ഫ്ലാറ്റുകളും അപകടമൊന്നുമില്ലാതെ പൊളിച്ചത്.

ജെയിന്‍ കോറല്‍ കോവിലുണ്ടായിരുന്നത് 122 അപാര്‍ട്ട്മെന്‍റുകളാണ്. 1, 2, 3, 8, 14 ഫ്ലോറുകളിലാണ് സ്ഫോടനം നടന്നത്. ഏറ്റവും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതും ഈ ഫ്ലാറ്റിലായിരുന്നു. 372.8 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. 17 നില തകരാനെടുത്തത് 9 സെക്കന്‍റാണ്.

ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. 10.30ന് ആദ്യ സൈറണ്‍ മുഴങ്ങി. 10.55ന് രണ്ടാമത്തെ സൈറണും. 11.02ന് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെയാണ് ജെയിന്‍ കോറല്‍ കോവില്‍ സ്ഫോടനം നടന്നത്.

ഉച്ചക്ക് ശേഷമാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റായിരുന്നു ഗോള്‍ഡന്‍ കായലോരം. അതേസമയം തന്നെ ഏറ്റവും സങ്കീര്‍ണവും ഇത് തന്നെയായിരുന്നു. തൊട്ടടുത്തുള്ള അങ്കനവാടിക്ക് കേടുപറ്റാതെ ഫ്ലാറ്റ് തകര്‍ക്കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അപകടമൊന്നുമില്ലാതെ ഗോള്‍ഡന്‍ കായലോരവും തകര്‍ത്തു.

ഇന്നലെ രാവിലെ 11.17 ഓടെയാണ് ആദ്യം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ടവര്‍ സ്ഫോടനത്തിലൂടെ തകര്‍ത്തത്. തുടര്‍ന്ന് ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയതോടെ 11.42ന് ആല്‍ഫ സെറിനിലെ ഫ്ലാറ്റുകളും പൊളിച്ചു. സുരക്ഷിതമായാണ് സ്ഫോടനങ്ങള്‍ നടന്നത്.