കുറ്റിപ്പുറം മൂടാലില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം
രണ്ടു ലോറികള്‍ക്ക് ഇടയില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു
ദേശീയപാത കുറ്റിപ്പുറം മൂടാലില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മൂന്ന് ലോറിയും ഒരു കാറും ഉള്‍പ്പെടെ ഏഴ് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഒട്ടേറെ കയറ്റിറക്കങ്ങളും വളവുകളുമുള്ള പ്രദേശമാണിത്. ഒരു ചരക്കുലോറി കയറ്റത്തില്‍ നിര്‍ത്തി മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി പിന്നിലേക്ക് ഉരുണ്ടു തൊട്ടു പിന്നിലുണ്ടായിരുന്ന കാറില്‍ ഇടിച്ചു.
കാറിനു പിന്നിലുണ്ടായിരുന്ന മിനിലോറിയിലും ഇടിച്ച കാര്‍ രണ്ടു ലോറികള്‍ക്ക് ഇടയില്‍പ്പെട്ട് പൂര്‍ണ്ണമായും തകര്‍ന്നു. ഈ വാഹനത്തിന് പിന്നിലുണ്ടായിരുന്ന ആറോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.