LiveTV

Live

Kerala

ചെമ്പൻകൊല്ലിയിൽ ഭൂമി വേണ്ടെന്ന നിലപാടുമായി കവളപ്പാറയിലെ ആദിവാസികൾ

പോത്തുകല്ലിൽ തന്നെ പുനരധിവസിപ്പിക്കണമെന്ന് ആദിവാസികൾ കളക്ടർക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു

ചെമ്പൻകൊല്ലിയിൽ ഭൂമി വേണ്ടെന്ന നിലപാടുമായി കവളപ്പാറയിലെ ആദിവാസികൾ

പ്രളയ പുനരധിവാസം സംബന്ധിച്ച് കലക്ടറും പി.വി അൻവറും തമ്മിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ, ചെമ്പൻകൊല്ലിയിൽ ഭൂമി വേണ്ടെന്ന നിലപാടുമായി കവളപ്പാറയിലെ ആദിവാസികൾ. പോത്തുകല്ലിൽ തന്നെ പുനരധിവസിപ്പിക്കണമെന്ന് ആദിവാസികൾ കളക്ടർക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു. കവളപ്പാറയിലെ ആദിവാസികളെ ചെമ്പൻകൊല്ലിയിൽ പുനരധിവസിപ്പിക്കണമെന്നായിരുന്നു പി.വി അൻവർ എം.എല്‍.എ ആവശ്യപ്പെട്ടത്.

എടക്കര ചെമ്പൻകൊല്ലിയിൽ നിർമാണം പുരോഗമിക്കുന്ന 34 വീടുകൾ വിട്ടുകിട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻ നിലപാടിൽ നിന്ന് ഒരു വിഭാഗം പിന്മാറി. സർക്കാർ കണ്ടെത്തിയ ഒമ്പത് ഏക്കറിൽ വീട് നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഈരുമൂപ്പന്‍റെ നേതൃത്വത്തിൽ ഇവർ മലപ്പുറത്തെത്തി ജില്ല കളക്ടറെ കണ്ടു.

പ്രളയ പുനരധിവാസത്തിന്‍റെ ഭാഗമായി എടക്കര ചെമ്പൻകൊല്ലിയിൽ ചളിക്കൽ കോളനിക്കാർക്ക് നിർമ്മിക്കുന്ന വീടുകൾ തങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി പി.വി അൻവർ എം.എൽ.എയോടപ്പമെത്തി കവളപ്പാറയിലെ ആദിവാസികൾ പ്രതിഷേധമറിയിച്ചിരുന്നു. എന്നാൽ ഈ ആവിശ്യവുമായി മുന്നോട്ട് വന്ന ആദിവാസികളിൽ ഒരു വിഭാഗമാണ് നിർമ്മാണം പുരോഗമിക്കുന്ന വീടുകളും സ്ഥലവും ചളിക്കൽ കോളനിക്കാർക്ക് തന്നെ നൽകണമെന്ന ആവശ്യവുമായി ജില്ലാ കളക്ടറെ സമീപിച്ചത്.

വിവാദങ്ങൾ ചളിക്കൽ കോളനിയിലെ തങ്ങളുടെ ബന്ധുക്കളുടെ പുനരധിവാസത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ഇവർ പറഞ്ഞു. ചെമ്പൻകൊല്ലിയിലെ ഭൂമിക്ക് പകരം, കവളപ്പാറകാർക്ക് പോത്തുകല്ലിൽ കണ്ടെത്തിയ ഒമ്പത് ഏക്കർ സ്ഥലത്ത് ഉടൻ വീട് നിർമ്മാണം ആരംഭിക്കണമെന്നും ഇവർ ആവിശ്യപ്പെടുന്നു. ഭവന നിർമ്മാണം സംബന്ധിച്ച കളക്ടർ എം.എൽ.എ തർക്കവും വിവാദവും പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആദിവാസി കുടുംബങ്ങൾ.