ഭക്തിയുടെ പാരമ്യത്തില്‍ എരുമേലി പേട്ട തുള്ളൽ നടന്നു
അവതാരലക്ഷ്യമായ മഹിഷീനിഗ്രഹം അയ്യപ്പൻ നടത്തിയെന്ന ഐതിഹ്യമാണ് പിൽക്കാലത്തു എരുമേലി പേട്ടതുള്ളലായി തുടരുന്നത്
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ നടന്നു. ആദ്യം അമ്പലപ്പുഴ സംഘവും പിന്നീട് ആലങ്ങാട് സംഘവും ആചാരമനുസരിച്ച് വാവർക്ക് മുന്നിൽ പേട്ട തുള്ളി ശബരിമലയിലേക്ക് നീങ്ങി. അവതാരലക്ഷ്യമായ മഹിഷീനിഗ്രഹം അയ്യപ്പൻ നടത്തിയെന്ന ഐതിഹ്യമാണ് പിൽക്കാലത്തു എരുമേലി പേട്ടതുള്ളലായി തുടരുന്നത്. പതിനൊന്നരയോടെ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടതോടെ അമ്പലപ്പുഴ സംഘം പേട്ട തുള്ളി.
ചെറിയമ്പലത്തിൽ നിന്ന് സമൂഹപ്പെരിയോൻ തടത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ പേട്ടതുള്ളിയെത്തിയ സംഘത്തെ ജമാ അത്ത് ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് പള്ളിയ്ക്ക് പ്രദക്ഷിണം വെച്ചിറങ്ങുന്ന അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുടെ പ്രതിനിധിയും എരുമേലി വലിയമ്പലത്തിലേക്ക് നീങ്ങി. വർണ്ണങ്ങൾ ദേഹമാകെ പൂശി രൗദ്രഭാവത്തിലാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ. ഉച്ചയ്ക്ക് ശേഷം ആകാശത്ത് നക്ഷത്രം തെളിഞ്ഞതോടെ സമൂഹപ്പെരിയോൻ എ.കെ വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചു. തുടർന്ന് വലിയമ്പലത്തിലേക്ക് നീങ്ങി.