LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധങ്ങള്‍

കോഴിക്കോട് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിച്ചു‌, മുസ്‍ലിം ലീഗ് മലപ്പുറത്ത് പ്രതിഷേധ മതിൽ തീര്‍ത്തു, പൊന്നാനിയിൽ എസ്.ഐ.ഒയും സോളിഡാരിറ്റിയും സംയുക്തമായി മഹാറാലി നടത്തി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധങ്ങള്‍

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു. കോഴിക്കോട് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിച്ചു‌. മുസ്‍ലിം ലീഗിന്‍റെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ മതിൽ തീര്‍ത്തു. പൊന്നാനിയിൽ എസ്.ഐ.ഒയും സോളിഡാരിറ്റിയും സംയുക്തമായി മഹാറാലി നടത്തി.

മുസ്‍ലീം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ് രക്ഷാ മാർച്ചിന്‍റെ ഭാഗമായാണ് മലപ്പുറം ജില്ലാ കമ്മിറ്റി മനുഷ്യമതിൽ തീര്‍ത്തത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം മുതൽ തിരൂരങ്ങാടി മമ്പുറം വരെ 42 കിലോമീറ്റർ ദൂരത്തിലായിരുന്നു മതിൽ. ഒരു ലക്ഷത്തിലധികം പ്രവർത്തകർ അണിനിരന്ന മതിലിൽ മുസ്‍ലിം ലീഗിന്‍റെ ദേശീയ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും അണിനിരന്നു. ദേശ് രക്ഷാ മതിലിനോട് അനുബന്ധിച്ച് ജില്ലയിൽ 12 ഇടങ്ങളിലായി പൊതു സമ്മേളനവും സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്വാതന്ത്രസമര ചരിത്രം ഓർമിപ്പിച്ച് മലപ്പുറം പൊന്നാനിയിലും മഹാറാലി സംഘടിപ്പിച്ചു. സോളിഡാരിറ്റിയും, എസ്.ഐ.ഒയും സംയുക്തമായാണ് ഡിക്നിറ്റി കാരവൻ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ സ്വാതന്ത്ര സമര പോരട്ടങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും പ്രയാണം ആരംഭിച്ച ചെറു സംഘങ്ങൾ പൊന്നാനിയിൽ സംഗമിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള മഹാറാലി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്തത്. പ്രൊഫസര്‍ ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു.