LiveTV

Live

Kerala

കാപ്പിക്കോ റിസോർട്ട് പൊളിക്കല്‍; ആശങ്കയിലായി പാണാവള്ളി പഞ്ചായത്ത്

റിസോർട്ട് പൊളിച്ചു മാറ്റാൻ വേണ്ട ഭീമമായ തുക ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി പഞ്ചായത്തിനില്ലെന്നാണ് പ്രസിഡന്‍റ് അറിയിച്ചത്

കാപ്പിക്കോ റിസോർട്ട് പൊളിക്കല്‍; ആശങ്കയിലായി പാണാവള്ളി പഞ്ചായത്ത്

ആലപ്പുഴയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധി വന്നതോടെ ആശങ്കയിലായിരിക്കുന്നത് പാണാവള്ളി പഞ്ചായത്താണ്. റിസോർട്ട് പൊളിച്ചു മാറ്റാൻ വേണ്ട ഭീമമായ തുക ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി പഞ്ചായത്തിനില്ലെന്നാണ് പ്രസിഡന്‍റ് അറിയിച്ചത്. ഇക്കാര്യം കോടതിയെയും സർക്കാരിനെയും ധരിപ്പിക്കും. വേമ്പനാട്ട് കായൽ കയ്യേറി അതീവ പരിസ്ഥിതി ലോല പ്രദേശത്താണ് കാപ്പിക്കോ റിസോർട്ട് പണി കഴിപ്പിച്ചത്. പാണാവള്ളി പഞ്ചായത്തിലെ 8 ആം വാർഡിൽ പെടുന്ന നെടിയതുരുത്തിലാണ് ഈ അനധികൃത റിസോർട്ട്.

റിസോർട്ട് പൊളിച്ചു നീക്കാനുള്ള നടപടികൾ പഞ്ചായത്ത് ചെയ്യണമെന്നാണ് കോടതി വിധി. ഭീമമായ ഈ തുക വഹിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് അറിയിച്ചത്. റിസോർട്ട് ഉടമകളിൽ നിന്ന് ഈ തുക ഈടാക്കണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം. പൊളിച്ച ശേഷമുണ്ടാകുന്ന കെട്ടിട അവശിഷ്ടങ്ങൾ എങ്ങനെ നീക്കം ചെയ്യണമെന്ന കാര്യത്തിലും ആർക്കും വ്യക്തതയില്ല. 2007ലാണ് റിസോർട്ടിന് പെർമിറ്റ് അനുവദിച്ചത്. എന്നാൽ കഴിഞ്ഞ നാല് വർഷമായി നികുതിയും നൽകുന്നില്ല.