LiveTV

Live

Kerala

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

 ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ജെ.എൻ.യുവിനൊപ്പം നിന്നതിനു കേരള സർക്കാരിനും ജനങ്ങൾക്കും നന്ദിയറിയിച്ച ഐഷി ഘോഷ് വൈസ് ചാൻസിലർ ഏകപക്ഷീയമായി പെരുമാറുകയാണെന്നും ആരോപിച്ചു. കുറച്ചു വിദ്യാർത്ഥികളെ മാത്രം വിളിച്ചു ചർച്ച നടത്തുകയാണ് വൈസ് ചാന്‍സലര്‍ ചെയ്യുന്നതെന്നും വി.സി രാജി വെക്കും വരെ സമരം തുടരുമെന്നും പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഐഷി ഘോഷ് പറഞ്ഞു. മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം കൂടുതൽ ചർച്ചകൾക്കായി വിളിച്ചതായും ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഐഷി ഘോഷ് അറിയിച്ചു.

ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ സമരത്തിനെതിരെ എ.ബി.വി.പി കാമ്പസിനകത്ത് കയറി മുഖംമൂടി ധരിച്ച് ആക്രമണം അഴിച്ചുവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എ.ബി.വി.പി ആക്രമണത്തില്‍ തലക്ക് പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും പരക്കെ വിമര്‍ശനത്തിനിടയാക്കി.

ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഐഷി ഘോഷ് കഴിഞ്ഞ ദിവസമാണ് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തന്നെ സന്ദര്‍ശിച്ച ഐഷിക്ക് സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ ‘ഹല്ലാ ബോൽ’ എന്ന പുസ്തകം കൈമാറിയാണ് മുഖ്യമന്ത്രി ആശംസകളറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ പ്രതിരോധത്തെ തീർത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. ജെ.എന്‍.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഐഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഐഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ "ഹല്ലാ ബോൽ" എന്ന പുസ്തകം ഐഷിക്കുനൽകി.

ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.