ഫാസിസത്തിനെതിരെ ഫുട്ബോള്‍ പ്രേമികളുടെ ‘പന്തുകൊണ്ടൊരു നേര്‍ച്ച’
‘ജേഴ്സി ഇഷ്ടതാരത്തിന്റെയോ ഇഷ്ട ടീമിന്റെയോ ആവട്ടെ, കളി ഫാസിസത്തിനെതിരെയാണ്’ എന്നും സംഘാടകര്‍ ടാഗ് ലൈനായി പറയുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ഫുട്ബോള്‍ പ്രേമികളുടെ കൂട്ടായ്മ. അഖിലലോക ഫുട്ബോൾ പ്രേമികളേ, ഒന്നിക്കുവിൻ ! ഫാസിസത്തിനെതിരെ കളത്തിലിറങ്ങുവിൻ! എന്ന ടാഗ് ലൈനിലാണ് പൌരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഫുട്ബോള്‍ പ്രേമികളായ എല്ലാവര്ക്കും ഫുട്ബോള്‍ കളിക്കാനും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുവാനും സംഘാടകര്‍ സൌകര്യമൊരുക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികളും ടീമുകളും ക്ലബുകളും 7510400566 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ സംഘാടകര്‍ അറിയിക്കുന്നു.
സ്വതന്ത്ര ഇന്ത്യ ഭീകരമായ ഭരണകൂട അടിച്ചമർത്തലിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഫുട്ബോൾ എന്ന മാധ്യമം ഉപയോഗിച്ച് പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. ജനുവരി 13ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് വൈകീട്ട് നാല് മണി മുതല്‍ 12 മണിവരെ ‘പന്തുകൊണ്ടൊരു നേര്‍ച്ച’ എന്ന പേരിലാണ് ഫാസിസത്തിനെതിരെ ഫുട്ബോള്‍ കളിച്ച് പ്രതിഷേധിക്കുന്നത്. സി.എ.എ, എന്‍.ആര്.സി, ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരൊയുണ്ടായ അതിക്രമം തുടങ്ങി രാജ്യത്ത് നടക്കുന്ന ഏകാദിപത്യ രീതിയിലുള്ള പ്രശ്നങ്ങള്‍ക്കെതിരെയാണ് വ്യത്യസ്ത രീതിയിലുള്ള ഈ പ്രതിഷേധം അരങ്ങേറുന്നത്.
സെവന്‍സ്, ഫൈവ്സ് എന്നീ ഫോര്‍മാറ്റുകളിലുള്ള സൌഹൃദ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഫാസിസത്തോടുള്ള പ്രതിഷേധം അറിയിക്കാനായി പ്രതിഷേധ ഡ്രില്ലുകളും മത്സരത്തിലുണ്ട്. ഡ്രിബിള്‍ പാസ് ഫാസിസം, നട്ട്മെഗ് എ നാസി, ഷൂട്ട് ഔട്ട് ഫോര്‍ ഡെമോക്രസി, ഷര്‍ട്ട് സ്വാപ് ചലഞ്ച് തുടങ്ങിയ പേരുകളിലായിരിക്കും ഉണ്ടാകുക.
ഫുട്ബോള്‍ മത്സരം മാത്രമല്ല, ഇതിനോടൊപ്പം സംഗീത വിരുന്നും അരങ്ങേറും. ഫാസിസത്തിനെതിരെ കലാപരവും കായികപരവുമായ വേദികളിലായി ഒത്തുചേരാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. ‘ജേഴ്സി ഇഷ്ടതാരത്തിന്റെയോ ഇഷ്ട ടീമിന്റെയോ ആവട്ടെ, കളി ഫാസിസത്തിനെതിരെയാണ്’ എന്നും സംഘാടകര്‍ ടാഗ് ലൈനായി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 7510400566 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.