മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി
സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക
സുരക്ഷാ പരിശോധനകൾ കഴിഞ്ഞ മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിന് തയ്യാറായി. സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ചു മാറ്റുന്ന ഫ്ലാറ്റുകളിൽ മൂന്ന് കെട്ടിടങ്ങളിലാണ് നാളെ നിയന്ത്രിത സ്ഫോടനം നടക്കുക.
രാവിലെ 11നു കുണ്ടന്നൂർ എച്ച്2 ഒ ഹോളിഫെയ്ത്തിലും 05 മിനിറ്റിനു ശേഷം നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകളിലും സ്ഫോടനം നടക്കും. ഹോളി ഫെയ്ത്തിലെ സ്ഫോടനത്തിന് ശേഷം പൊടിപടലങ്ങൾ അടങ്ങാൻ താമസമെടുത്താൽ 11. 05 എന്ന സമയത്തിൽ മിനിറ്റുകളുടെ വ്യത്യാസം ഉണ്ടായേക്കാം. സ്ഫോടക വസ്തുക്കൾ നിറക്കുന്ന ജോലിയും സുരക്ഷ പരിശോധനയും പൂർത്തിയായി. ബ്ലാസ്റ്റിങ് ഷെഡിലേക്കുള്ള കണക്ഷൻ ലൈനുകളുടെ ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. സുരക്ഷ കണക്കിലെടുത്ത് അവസാന സമയമായിരിക്കും ഇത് ഒരുക്കുക.
ഓരോ ഫ്ലാറ്റിനും സമീപത്തു നിന്ന് 100 മീറ്റർ മാറിയാണ് ബ്ലാസ്റ്റ് ഷെഡുകൾ തയാറാക്കുന്നത്. ഓരോ പ്ലാറ്റിന് സമീപവും 500 വീതം പൊലീസുകാരെ സുരക്ഷക്കായി നിയോഗിക്കും. 8 മണി മുതൽ വൈകിട്ട് നാല് വരെ പൊളിക്കുന്ന ഫ്ലാറ്റുകളുടെ പരിധിയിൽ നിരോധനജ്ഞ ഏർപ്പെടുത്തും. രാവിലെ 8.00 മണി മുതൽ പ്രദേശവാസികളെ മാറ്റി താമസിപ്പിക്കും. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആവശ്യമായ സുരക്ഷ നിർദേശങ്ങൾ നൽകി കഴിഞ്ഞു.
സാങ്കേതിക സമിതി അംഗങ്ങളും മുന്നൊരുക്കങ്ങൾ വിലയിരുത്തി. മരട് നഗരസഭയിലെ പ്രധാന കൺട്രോൾ യൂണിറ്റ് പ്രവർത്തനസജ്ജമായിട്ടുണ്ട്. മണിക്കൂറുകൾ ഇടവിട്ട് സുരക്ഷ പരിശോധനകൾ തുടരുന്നുണ്ട്. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.