മരട് ഫ്ലാറ്റ് പൊളിക്കല്‍ നാളെ; ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങി
തിരിച്ചു വരുമ്പോൾ വീടും പ്രദേശത്തെ കെട്ടിടങ്ങളും പഴയപടി ഉണ്ടാകണമെന്ന പ്രാർഥനയിലാണ് ഇവർ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസം അടുത്തതോടെ പ്രദേശത്തെ കൂടുതൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങി. തിരിച്ചു വരുമ്പോൾ വീടും പ്രദേശത്തെ കെട്ടിടങ്ങളും പഴയപടി ഉണ്ടാകണമെന്ന പ്രാർഥനയിലാണ് ഇവർ.
പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് തൊട്ടടുത്തുള്ള ആളുകൾ പൊടി ശല്യം കാരണം നേരത്തേ ഒഴിഞ്ഞു തുടങ്ങിയിരുന്നു.വീടുകള്‍ ടാര്പായകളുപയോഗിച്ച് മറച്ചിരിക്കുന്നു. പൊടിയെ പ്രതിരോധിയ്ക്കുകയാണ് ലക്ഷ്യം. ബാക്കിയുളളവർ മാറിക്കൊണ്ടിരിക്കുകയാണ്. ആല്‍ഫയുടെ സമീപം മതപഠനത്തിന് താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. മടങ്ങിയെത്തുമ്പോള്‍ വിദ്യാലയം ബാക്കിയുണ്ടാവുമോയെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ മറച്ചുവെയ്ക്കുന്നില്ല.
പൊളിയ്ക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും തൊഴിലാളുകളുടെയും വാഹനങ്ങള്‍ ഇടതടവില്ലാതെ കെട്ടിടങ്ങളിലേക്ക് എത്തിക്കൊണ്ടിരിയ്ക്കുന്നു. പൊളിയ്ക്കും മുമ്പ് ഫ്ലാറ്റുകള്‍ ഒരു നോക്ക് കാണുന്നതിനായി നിരവധി നാട്ടുകാരും ഫ്ലാറ്റുകളിലേക്ക് എത്തിക്കൊണ്ടിരിയ്ക്കുകയാണ്.