എസ്.ഐയുടെ കൊലപാതകം: തീവ്രവാദ ബന്ധം പരാമര്‍ശിക്കാതെ എഫ്.ഐ.ആര്
പ്രതികളെ എസ്.ഐ രഘു ബാലാജി നേരിട്ട് കണ്ടതായി എഫ്.ഐ.ആറില്‍ പറയുന്നു.

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐയുടെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധം പരാമര്‍ശിക്കാതെ എഫ്.ഐ.ആര്. പ്രതികളെ എസ്.ഐ രഘു ബാലാജി നേരിട്ട് കണ്ടതായി എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികള്‍ക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐ വില്‍സണിനെ കൊലപ്പെടുത്തുന്നത് കളിയിക്കാവിള എസ്.ഐ രഘു ബാലാജി നേരില്‍ കണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ഒരാള്‍ വെട്ടുകയും രണ്ടാമത്തെ ആള് വെടിവെക്കുകയും ചെയ്തു. രഘു ബാലാജിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും ഇവരെ കണ്ടാല്‍ എസ്.ഐക്ക് തിരിച്ചറിയാനാകുമെന്നും എഫ്.ഐ.ആര് വിശദീകരിക്കുന്നു.
അതേസമയം പ്രതികളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് എഫ്.ഐ.ആറില്‍ പരാമര്‍ശമില്ല. പ്രതികളായ തൌഫീഖ്, ഷെമീം എന്നിവര്‍ക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശവും കൈമാറിയിട്ടുണ്ട്. അതേസമയം പ്രതികള്‍ രക്ഷപ്പെട്ടോടിയിരിക്കുന്നത് കേരളത്തിലേക്കാണെന്ന് കന്യാകുമാരി എസ്.പി പറഞ്ഞു.
പ്രതികളെ സഹായിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. രണ്ട് പേരെ പാലക്കാട് നിന്നും ഒരാളെ തിരുവനന്തപുരത്ത് നിന്നും അയൂബ്ഖാന് എന്നയാളെ തമിഴ്നാട്ടിലുമാണ് കസ്റ്റഡിയിലെടുത്തത്.