LiveTV

Live

Kerala

തീരദേശ പരിപാലന നിയമം ലംഘിച്ച കാപ്പികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി

ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. വേമ്പനാട്ട് കായലിന് സമീപമാണ് കാപ്പികോ റിസോര്‍ട്ട് സ്ഥതി ചെയ്യുന്നത്

 തീരദേശ പരിപാലന നിയമം ലംഘിച്ച കാപ്പികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി

ആലപ്പുഴ പാണാവള്ളിയില്‍ വേമ്പനാട് കായലിലെ നെടിയന്‍തുരുത്ത് ദ്വീപില്‍ നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് സുപ്രിമ കോടതി വിധി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവ്.

തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി 2013 ലാണ് ഉത്തരവിട്ടത്. ഇതിനെതിരെ റിസോര്‍ട്ട് അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ച് തള്ളി. കേസില്‍ കേരള തീരദേശ പരിപാലന അതോറിറ്റിയുടെ കണ്ടെത്തലുകളെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ പിന്തുണച്ചിരുന്നു. വിധിയെ ചോദ്യംചെയ്ത് റിസോര്‍ട്ട് അധികൃതര്‍ 2014 ല്‍ സുപ്രീം കോടതിയെ സമീപിക്കുകയും ഹരജി വിശദമായി പരിശോധിക്കും വരെ തല്‍സ്ഥിതി തുടരണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് വിധിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കിയതോടെ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂമമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

2007 ലാണ് പാണാവളളി പഞ്ചായത്തിലെ നെടിയന്തുരുത്ത് ദ്വീപില്‍ കാപ്പിക്കോ റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിന് വിലക്കുള്ള സി.ആര്‍.ഇസഡ് 1 ല്‍ പെട്ട സ്ഥലത്ത് നിര്‍മാണത്തിന് പാണാവള്ളി പഞ്ചായത്ത് അനുമതി നല്‍കി. 50 ഓളം കോട്ടേജുകളാണ് ദ്വീപ് കയ്യേറി നിര്‍മിച്ചത്. സംരക്ഷിതവിഭാഗമായ റാംസര്‍സൈറ്റില്‍ ഉള്‍പ്പെട്ടതാണ് വേന്പനാട് കായലെന്നതും റിസോര്‍ട്ട് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായി.