ചുള്ളിയാര്‍ ഡാം കയ്യേറ്റം; വിവാദ ഭൂമിയെ ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി
പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള പ്രാദേശിക നിരീക്ഷണ സമിതി വിവാദ സ്ഥലത്തെ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കി

ചുള്ളിയാര്‍ അണക്കെട്ട് കയ്യേറി നികത്തിയ ഇ ക്യൂബ് കമ്പനിക്ക് ഭൂമി തരം മാറ്റി നല്‍കിയതില്‍ ഗ്രാമ പഞ്ചായത്തിനും പങ്ക്. പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള പ്രാദേശിക നിരീക്ഷണ സമിതി വിവാദ സ്ഥലത്തെ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കി. കൃഷി ഓഫീസര്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ബാങ്കില്‍നിന്ന് ഒഴിവാക്കിയത് എന്നാണ് ഇപ്പോള്‍ ഗ്രാമ പഞ്ചായത്തിന്റ വിശദീകരണം. നിയമനടപടിയെടുക്കണമെന്ന നിര്‍ദേശം കൃഷി വകുപ്പും അട്ടിമറിച്ചു.
നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണവും കൈയ്യേറ്റം തടയലും ലക്ഷ്യമിട്ട് തയാറാക്കിയ ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ട ചുള്ളിയാര്‍ ഡാം പ്രദേശത്താണ് നികത്തലും നിര്‍മാണവും നടന്നിരിക്കുന്നത്. കൈയ്യേറ്റ ഭൂമിയെ ഡാറ്റാ ബാങ്കില്‍ നിന്ന് നീക്കാന്‍ 2016ല്‍ ഇ ക്യൂബ് സ്ട്രക്ചറല്‍സ് നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ചിറ്റൂര്‍ തഹസില്‍ദാര്‍ ആദ്യ അപേക്ഷ തള്ളി. 2017ല്‍ വീണ്ടും അപേക്ഷിച്ചു. ഇതിനിടെ പൊതുപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. സ്ഥലം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ ഉത്തരവിന്റെ മറവിലാണ് പ്രാദേശിക നിരീക്ഷണ സമിതി കമ്പനിയുടെ ആവശ്യം അംഗീകരിച്ചത്. സമിതിയെ കൃഷി ഉദ്യോഗസ്ഥന് കബളിപ്പിച്ചുവെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
ഭൂമി തരം മാറ്റാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 91 പേരുടെ അപേക്ഷ തീരുമാനമാകാതെയിരിക്കുന്നതിനിടെയാണ് ഇ ക്യൂബിന് വേണ്ടി തിടുക്കത്തില്‍ നടപടിയുണ്ടായത്. കയ്യേറിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ ജലസേചന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനാല്‍ നിയമ നടപടിയെടുക്കാന്‍ മുതലമട കൃഷി ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഈ ഉത്തരവും കൃഷി ഓഫീസര്‍ അട്ടിമറിച്ചു.