റോഡ് നവീകരണത്തിന് വിട്ടുകൊടുക്കാതിരുന്ന ഭൂമി നാട്ടുകാര്‍ ഇടിച്ച് നിരപ്പാക്കി
ഭൂമി തന്റേതാണെന്ന് സ്വകാര്യ വ്യക്തി പറയുന്നുണ്ടെങ്കിലും അത് കയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം
താമരശ്ശേരി കാരാടിയില്‍ റോഡ് നവീകരണത്തിന് വിട്ടുകൊടുക്കാതിരുന്ന ഭൂമി നാട്ടുകാര്‍ ഇടിച്ച് നിരപ്പാക്കി. സ്വകാര്യ കെട്ടിടത്തോട് ചേര്‍ന്നുള്ള ഭൂമിയാണ് നൂറോളം വരുന്ന നാട്ടുകാര്‍ ചേര്‍ന്ന് കയ്യേറിയത്. പുറമ്പോക്ക് ഭൂമിയാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ സ്ഥലമാണ് കയ്യേറിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം.
വയനാട്, താമരശ്ശേരി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കൊടുവള്ളി, കുന്ദമംഗലം പോലുള്ള ടൌണുകളില്‍ കയറാതെ കോഴിക്കോട് ഭാഗത്തേക്ക് എത്താവുന്ന റോഡിന്റെ നിര്‍മ്മാണത്തിനിടെ കാരാടിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തി തയ്യാറായിരുന്നില്ല. ആ സ്ഥലമാണ് കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് 100ഓളം വരുന്ന നാട്ടുകാര്‍ സംഘടിച്ചെത്തി കയ്യേറിയത്. കാരാടി വരട്യാക്ക് റോഡ് ദേശീയപാതയില്‍ നിന്ന് ആരംഭിക്കുന്ന സ്ഥലത്തായിരുന്നു സംഭവം.
ഭൂമി തന്റേതാണെന്ന് സ്വകാര്യ വ്യക്തി പറയുന്നുണ്ടെങ്കിലും അത് കയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. സ്ഥലത്തിന്റെ ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം സ്ഥലത്തില്‍ റോഡ് പണി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.