LiveTV

Live

Kerala

ഇ-ക്യൂബ് കമ്പനിയുടെ ഡാം കയ്യേറ്റം; റവന്യൂ വകുപ്പ് വഴിവിട്ട സഹായം നല്‍കി

രേഖയില്‍ ഭൂമിയുടെ തരം മാറ്റിയതോടെയാണ് കയ്യേറിയ സ്ഥലത്തിന് സമീപം കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്

 ഇ-ക്യൂബ് കമ്പനിയുടെ ഡാം കയ്യേറ്റം; റവന്യൂ വകുപ്പ് വഴിവിട്ട സഹായം നല്‍കി

ചുള്ളിയാര്‍ ഡാം കയ്യേറിയ ഇ ക്യൂബ് സ്ട്രക്ചറല്‍ കമ്പനി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കിയത് റവന്യൂ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം. രേഖയില്‍ ഭൂമിയുടെ തരം മാറ്റിയതോടെയാണ് കയ്യേറിയ സ്ഥലത്തിന് സമീപം കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. റവന്യൂ വകുപ്പ് തന്നെ ഇത് കണ്ടെത്തി വ്യാജ രേഖ റദ്ദാക്കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.

ഇ ക്യൂബ് കമ്പനിക്ക് 2013 ഫെബ്രുവരി 12 മുതലമട 1 വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശാവകാശ സര്‍ട്ടിഫിക്കറ്റാണിത്. കയ്യേറിയ ഭൂമിക്ക് സമീപം കമ്പനിക്കുള്ള 269/2, 269/1 എന്നീ സര്‍വേ നമ്പറുകളിലെ സ്ഥലത്തിന്റെതാണ് രേഖ. ഇത് ഡ്രൈ ലാന്‍ഡ് എന്നാണ് വില്ലേജ് ഓഫീസര്‍ എഴുതിക്കൊടുത്തത്. യഥാര്‍ഥത്തില്‍ അത് നിലമായിരുന്നു.

അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2013ല്‍ നല്‍കിയ കൈവശാവകാശ രേഖ റദ്ദാക്കി. പകരം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് 2016 മെയ് 9ന്. ഇതില്‍ നേരത്തെ ഡ്രൈ ലാന്റ് എന്ന് എഴുതിയത് നീക്കം ചെയ്തു. പകരം നിലം എന്നുതന്നെ രേഖപ്പെടുത്തി. വ്യാജ രേഖയുണ്ടാക്കിയതായി കണ്ടെത്തി തിരുത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല.

2016 ജനുവരിയില്‍ മുതലമട 1 വില്ലേജ് ഓഫീസര്‍ ആര്‍.ഡി.ഒക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്പനി നിര്‍മാണം തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാര്‍ ജിലാ കലക്ടർ നല്‍കിയ റിപ്പോര്‍ട്ടില്‍ കെട്ടിടം നിര്‍മിക്കുന്ന കാര്യം ഒഴിവാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി കയ്യേറ്റം നടന്നതെന്നാണ് സര്‍ക്കാര്‍ രേഖകളില്‍നിന്ന് വ്യക്തമാകുന്നത്.