LiveTV

Live

Kerala

തൃശൂരില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊലയ്ക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

തൃശൂരില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ മലക്കപ്പാറയില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മലക്കപ്പാറക്ക് സമീപം വരട്ടുപ്പാറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പ്രതി സഫര്‍ മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. മകളെ കൊലപ്പെടുത്തുമെന്ന് സഫര്‍ ഭീക്ഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

ഇന്നലെ രാത്രിയിലാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ചത്. കൊലപാതക ശേഷം പിടിയിലായ പ്രതി സഫര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലെയും തമിഴനാട്ടിലെയും പൊലീസ് ചേര്‍ന്ന തെരച്ചല്‍ നടത്തിയത്. രാത്രി ഒരു മണിയോടെ വാല്‍പ്പാറ വരട്ടുപ്പാറിയില്‍ റോഡിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയച്ചതെന്നും കാറിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സഫറിന്റെ മൊഴി. അതേസമയം സഫര്‍ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് മലക്കപ്പാറയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

എറണാകുളത്തെ സ്വകാര്യ കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് സഫര്‍. സര്‍വീസ് സെന്ററിലെത്തിയ കാറിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി മലക്കപ്പാറയിലെത്തിയത്. കാര്‍ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അതിരപ്പള്ളി വഴി ഈ കാര്‍ കടന്നു പോയതായി കണ്ടെത്തി. ആ സമയത്ത് പെണ്‍കുട്ടി കാറിലുണ്ടായിരുന്നു. പിന്നീട് മലക്കപ്പാറയ്ക്ക് അപ്പുറത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോള്‍ കാറില്‍ സഫര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാറില്‍ രക്ത കറ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയ വിവരം ലഭിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോകും.