ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി; ബജറ്റില്‍ പുതിയ പദ്ധതികളുണ്ടാവില്ല
പല വകുപ്പുകളിലും അതിര് കവിഞ്ഞ ചെലവുകളും അനാവശ്യ നിയമനങ്ങളും നടന്നിട്ടുണ്ട്. ബജറ്റില്‍ ഇതിന് തിരുത്തല്‍ നടപടികള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ ചില വികസന പദ്ധതികളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പല വകുപ്പുകളിലും അതിര് കവിഞ്ഞ ചെലവുകളും അനാവശ്യ നിയമനങ്ങളും നടന്നിട്ടുണ്ട്. ബജറ്റില്‍ ഇതിന് തിരുത്തല്‍ നടപടികള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമുണ്ടാവില്ല. ചിലത് മാറ്റിവയ്ക്കേണ്ടിയും വരും. പക്ഷെ, കിഫ്ബി പദ്ധതികള്‍ക്ക് 20000 കോടി രൂപ ഇക്കൊല്ലം ചെലവഴിക്കുന്നതിനാല്‍ ബജറ്റിലെ ചെലവുചുരുക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.
ക്ഷേമപദ്ധതികളില്‍ കൈ വയ്ക്കില്ല. അനാവശ്യ നിയമനങ്ങള്‍ ഉള്‍പ്പെടെ ചെലവുകള്‍ വെട്ടും. പെന്ഷന് പ്രായം കൂട്ടില്ല. നിലം പരിവര്‍ത്തനം, ഭൂമി രജിസ്ട്രേഷന്, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ച് വരുമാനം കൂട്ടും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കും. ട്രഷറി നിയന്ത്രണങ്ങള്‍ ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു