LiveTV

Live

Kerala

കളക്ടര്‍ക്കെതിരെയുള്ള ബി.ജെ.പി വ്യാജ പ്രചരണം; തെറ്റായ ഒരു നിയമത്തെ ന്യായീകരിക്കാന്‍ വരുന്നവരെ ആട്ടണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

ഇത്തരത്തിലുള്ള പ്രവണതകള്‍ മനോരോഗ ലക്ഷണമെന്നായിരുന്നു പി.എം മനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കളക്ടര്‍ക്കെതിരെയുള്ള ബി.ജെ.പി വ്യാജ പ്രചരണം; തെറ്റായ ഒരു നിയമത്തെ ന്യായീകരിക്കാന്‍ വരുന്നവരെ ആട്ടണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കലക്ടർ ഏറ്റുവാങ്ങിയെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികരണവുമായി കളക്ടര്‍ അദീല അബ്ദുള്ള തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ലഘുലേഖയിൽ പറയുന്ന കാര്യങ്ങളോട് ഒട്ടും യോജിപ്പില്ലെന്നും രാഷ്ട്രീയമായ ദുഷ്പ്രചരണങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണെന്നും ജില്ലാ കളക്ടർ അദീല അബ്ദുള്ള ഐ.എ.എസ് വ്യക്തമാക്കി. ഈ കാര്യങ്ങള്‍ സൂചിപ്പിച്ച് കളക്ടര്‍‍ പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു.

എന്നാല്‍ ജില്ലാ കളക്ടറെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്നവരുടെ ചിത്രങ്ങള്‍ പോലും ഉപയോഗിച്ച് വ്യാജ വാര്‍ത്ത പടച്ചു വിടുന്ന രാഷ്ട്രീയത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് തുറന്നടിച്ചു കൊണ്ട് രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രവണതകള്‍ മനോരോഗ ലക്ഷണമെന്നായിരുന്നു പി.എം മനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. “വീട്ടിൽ കയറിവരുന്നവരോട് മാന്യമായി പെരുമാറുന്നതും ശത്രുവായാൽ പോലും ഉപചാരപൂർവ്വം സ്വീകരിക്കുന്നതും മര്യാദയാണ്. ആ മര്യാദ വീട്ടുകാരനെ അപമാനിക്കാനും അവഹേളിക്കാനും ഉള്ള ആയുധമാക്കി മാറ്റുന്നത് മനോരോഗവും.” എന്നായിരുന്നു പി.എം മനോജിന്‍റെ പോസ്റ്റ്

പി.എം മനോജിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വീട്ടിൽ കയറിവരുന്നവരോട് മാന്യമായി പെരുമാറുന്നതും ശത്രുവായാൽ പോലും ഉപചാരപൂർവ്വം സ്വീകരിക്കുന്നതും മര്യാദയാണ്. ആ മര്യാദ വീട്ടുകാരനെ അപമാനിക്കാനും അവഹേളിക്കാനും ഉള്ള ആയുധമാക്കി മാറ്റുന്നത് മനോരോഗവും.

കേരളം ജനാധിപത്യ സംസ്കാരത്തിന്റെ ഉന്നതമായ ഇടം കൂടിയാണ്. അഭിപ്രായം പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നവർക്കെതിരെ മുഖംമൂടിയും കുറുവടിയും വരാത്ത ഇടം. ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാന വിശേഷങ്ങളിൽ ഒന്ന്.

ഒരു പ്രസ്താവന വായിക്കുക: "ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദർശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോൾ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു പൊളിറ്റിക്കൽ ക്യാമ്പൈനിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ തന്റെ ഓഫീസിൽ വരുന്നവരെ കാണുക എന്നതും അവർക്ക് പറയാനുള്ളത് കേൾക്കുകയും അപേക്ഷകളോ എഴുത്തോ ആയി നൽകുന്നത് വാങ്ങി വെക്കുക എന്നതും എന്റെ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു.
ഡോ. അദീല അബ്ദുല്ല
ഡിസ്ട്രിക്ട് കളക്ടർ, വയനാട്."

ക്യാമ്പ് ഓഫിസിൽ ചെന്നത് ബിജെപി നേതാക്കളാണ്. അവിടെ ചെന്ന് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു സംസാരിച്ചു. കളക്ടർ തന്റെ വിയോജിപ്പുകൾ പറഞ്ഞു. ചെന്നവർ ഒന്നിച്ചു പടമെടുക്കാൻ പോകാൻ നേരത്ത് താല്പര്യം പ്രകടിപ്പിച്ചു. അത് കളക്ടർ സമ്മതിച്ചു. പക്ഷെ പിന്നീട് ആ ചിത്രം ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം തുടങ്ങി. കളക്ടറുടെ മുസ്ലിം ഐഡന്റിറ്റി ആണ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത്.

ഇതേ തന്ത്രം മറ്റു ചിലയിടങ്ങളിലും ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.
തെറ്റായ ഒരു നിയമത്തെ വിശദീകരിക്കാനും ന്യായീകരിക്കാനും കൂടുതൽ തെറ്റായ വഴി തന്നെ വേണ്ടിവരും. എന്ന് വെച്ച്, അതിനു വരുന്നവരെ ആട്ടിപ്പായിക്കാനൊന്നും മലയാളി തയാറാവില്ല. സഹികെട്ടാൽ നീട്ടി ഒന്ന് ആട്ടും...ഫ.....എന്ന്.

വീട്ടിൽ കയറിവരുന്നവരോട് മാന്യമായി പെരുമാറുന്നതും ശത്രുവായാൽ പോലും ഉപചാരപൂർവ്വം സ്വീകരിക്കുന്നതും മര്യാദയാണ്. ആ മര്യാദ...

Posted by PM Manoj on Wednesday, January 8, 2020