LiveTV

Live

Kerala

ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം; കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു, ഗതാഗതവും തടസപ്പെട്ടു

സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു

 ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം; കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു, ഗതാഗതവും തടസപ്പെട്ടു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം. പൊതുഗതാഗത സംവിധാനം നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു.സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക് നടക്കുന്നത്.

ശബരിമലയിലേക്ക് ഒഴികെയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒന്നും സംസ്ഥാനത്ത് സർവീസ് നടത്തിയില്ല. സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തൊഴിലാളികൾ എല്ലാം സമരത്തിന്റെ ഭാഗമായതോടെ പൊതുഗതാഗത സംവിധാനം നിശ്ചലമായി. സംസ്ഥാനത്തുടനീളം കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. ട്രെയിൻ സർവീസ് തടസ്സമില്ലാതെ നടന്നു. മെഡിക്കൽ കൊളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പൊലീസ് ഗതാഗത സൗകര്യം ഒരുക്കി. സെക്രട്ടറിയേറ്റിന് മുന്നിലൊരുക്കിയ സമരവേദിയിലേക്ക് നടന്ന മാർച്ചിൽ 10000 ൽ പരം തൊഴിലാളികൾ പങ്കാളികളായി .ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി നേതാവ് കെ.പി രാജേന്ദ്രൻ എന്നിവർ സമരത്തിൽ പങ്കാളികളായി. സി.ഐ.ടി.യു നേതാവ് എളമരം കരീം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

തെക്കൻ കേരളത്തിൽ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞുകിടന്നു.ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. തിരുവല്ലയിൽ പണിമുടക്കാനുകൂലികൾ ബാങ്കുകൾ അടപ്പിച്ചു. വ്യവസായിക നഗരമായ കൊച്ചിയിലും പണിമുടക്ക്പൂര്‍ണമായിരുന്നു. ജില്ലയിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നു. കോഴിക്കോട് ജില്ലയിൽ 50 കേന്ദ്രങ്ങളിൽ പ്രകടനം നടന്നു.കെ.എസ്.ആർ.ടി.സി ,സ്വകാര്യ ബസുകൾ ഓടിയില്ല.

കാസർകോടിലെ അതിര്‍ത്തി കടന്ന് ചരക്കുവാഹനങ്ങള്‍ എത്തിയെങ്കിലും കാസര്‍കോട് നഗരത്തില്‍ പണിമുടക്കനുകൂലികള്‍ തടഞ്ഞു. പണിമുടക്കിന്റെ ഭാഗമായി കർഷക തൊഴിലാളികൾ ഗ്രാമീണ ഹർത്താലും സംഘടിപ്പിച്ചു.