മരട് ഫ്ലാറ്റ് പൊളിക്കലിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
സുരക്ഷാ ക്രമീകരണങ്ങളും പരിസരവാസികൾക്കുള്ള ബോധവത്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാവും. ഏറ്റവും അവസാനം പൊളിക്കുന്ന ഗോൾഡൻ കായലോരത്തിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും പരിസരവാസികൾക്കുള്ള ബോധവത്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
നിശ്ചയിച്ച സമയത്ത് തന്നെ സ്ഫോടനം നടത്താനുള്ള പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ഗോൾഡൻ കായലോരം ഫ്ലാറ്റിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന ജോലി ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാവും. പൊളിക്കുന്ന മറ്റ് ഫ്ലാറ്റ് സമുച്ചയങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്നത് പൂർത്തിയായി. ഇനിയുള്ളത് അവസാനവട്ട പരിശോധനകളാണ് .പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾക്കാണ് ഇനി മുൻഗണന. സ്ഫോടനത്തിന് ഇനി വെറും 3 ദിവസം ശേഷിക്കേ പരിവാസികളുടെ ആശങ്ക പരിഹരിക്കാനായുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തെ കുറിച്ചും ഇൻഷുറൻസ് പരിരക്ഷയെ കുറിച്ചുള്ള ആശങ്കളുമാണ് പ്രദേശവാസികൾക്കുള്ളത്. ഫ്ലാറ്റുകൾക്ക് 200 മീറ്റർ പരിസരത്ത് താമസിക്കുന്നവരുമായി സബ് കലക്ടർ ഇന്ന് കൂടിക്കാഴ്ച നടത്തും.
Adjust Story Font
16