സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണുകൾ സ്ഥാപിക്കുന്നതിന് തുടക്കമായി
പൊലീസ് സേനയെ വിമർശിക്കുന്ന കാർട്ടൂണുകളും സ്റ്റേഷനുകളില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണുകൾ സ്ഥാപിക്കുന്നതിന് തുടക്കമായി. തിരുവനന്തപുരം നഗരപരിധിയിലെ ആറ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കാർട്ടൂണുകൾ കൈമാറി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ കാർട്ടൂണിസ്റ്റുകളോടുള്ള ബഹുമാനാർത്ഥമാണ് സ്റ്റേഷനുകളില്‍ ഇവ സ്ഥാപിക്കുന്നതെന്ന് ബെഹ്റ പറഞ്ഞു.
പൊലീസ് സ്റ്റേഷനുമായി പൊതുജനങ്ങൾക്കുള്ള അടുപ്പം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാർട്ടൂണുകൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളിലും കാര്ട്ടൂണുകള് സ്ഥാപിക്കും. സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് വ്യക്തമായി കാണുന്ന തരത്തിലായിരിക്കും കാര്ട്ടൂണുകള് സ്ഥാപിക്കുക. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ നഗരപരിധിയിലെ 6 സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ കാർട്ടൂണുകൾ കൈമാറി. പൊലീസ് സേനയെ വിമർശിക്കുന്ന കാർട്ടൂണുകളും സ്റ്റേഷനുകളില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പൊലീസിനായി കാർട്ടൂണുകൾ വരച്ചു നൽകുന്നത്. നവീകരിച്ച പൊലീസ് സ്റ്റേഷനുകളിൽ ഒന്നിലധികം കാർട്ടൂണുകൾ സ്ഥാപിക്കാനാണ് തീരുമാനം.