പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെ ജനനസര്‍ട്ടിഫിക്കറ്റിനായുള്ള മുസ്ലീം അപേക്ഷകരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധന
1970 ന് മുന്പ ജനിച്ചവരാണ് അപേക്ഷയുമായി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതലും എത്തുന്നത്
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കെ ജനനസര്‍ട്ടിഫിക്കറ്റിന് വേണ്ടി മുസ്ലീം സമുദായത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധന.1970 ന് മുന്പ ജനിച്ചവരാണ് അപേക്ഷയുമായി തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതലും എത്തുന്നത്.കോഴിക്കോട് കോര്‍പ്പറേഷനില്‍ ഡിസംബര്‍ മാസം 47 അപേക്ഷകള്‍ എത്തി. മറ്റ് മാസങ്ങളില്‍ ശരാശരി അഞ്ച് പേര് എത്തുന്നിടത്താണ് ഈ വര്‍ദ്ധനവ്.
ഒരാളും പേടിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ടങ്കിലും, പൌരത്വ ഭേദഗതി നിയമം നിലവില്‍ വന്നതിന് ശേഷം എത്രത്തോളം ആശങ്കയുണ്ടന്ന് തെളിയിക്കുന്നതാണ് ജനനസര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ എണ്ണം.1970ന് മുമ്പ് ജനിച്ച മുസ്ലീം സമുദായത്തില്‍പെട്ട മൂന്ന് പേരാണ് കഴിഞ്ഞ ജൂലൈ മാസം കോഴിക്കോട് കോര്‍പ്പേറേഷനില്‍ ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ആഗസ്ത് മാസം ഒരു അപേക്ഷ പോലും ഉണ്ടായിരുന്നില്ല. സെപ്തംബര്‍ മാസം പത്തും ഒക്ടോബറില്‍ അഞ്ചും നവംബറില്‍ ഏഴ് പേരും മാത്രമാണ് ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് വന്നത്. എന്നാല്‍ പൌരത്വ വിഷയം സജീവമായി നിന്ന ഡിസംബര്‍ മാസത്തില്‍ ആകെ 62 പേരാണ് അപേക്ഷയുമായി കോര്‍പ്പറേഷനിലെത്തി. ഇതില്‍ 47 പേരും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരായിരുന്നു.
ജനസേവന കേന്ദ്രത്തില്‍ നേരിട്ട് ലഭിച്ച അപേക്ഷകള്‍ക്ക് പുറമേ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തക്കെ രേഖകള്‍ വേണമെന്ന് ചോദിച്ച് നിരവധിപ്പേര്‍ ജനപ്രതിനിധികളെ സമീപിക്കുന്നുണ്ട്.അതുകൊണ്ട് അടുത്ത ദിവസങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടാനാണ് സാധ്യത.