മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടറിന് നേരെ കല്ലേറ്
മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടറിന് നേരെ കല്ലേറ്. കൊച്ചിയില്‍ വെച്ചാണ് കല്ലേറുണ്ടായത്.
മുത്തൂറ്റ് എം.ഡി ജോർജ് അലക്സാണ്ടറുടെ വാഹനത്തിനു നേരെ കൊച്ചിയിൽ കല്ലേറ്. രാവിലെ മുത്തൂറ്റ് ആസ്ഥാനത്തേയ്ക്ക് വരുന്ന വഴിക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ജോർജ് അലക്സാണ്ടർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ മുത്തൂറ്റ് ഫിനാൻസ് ആസ്ഥാനമായ കൊച്ചി ബാനർജി റോഡിലെ ഓഫീസിലേക്ക് വരുന്ന വഴിക്കാണ് എം.ഡി ജോർജ് അലക്സാണ്ടർക്കു നേരെ ആക്രമണം ഉണ്ടായത്. ഓഫീസിന് സമീപം ഹൈക്കോർട്ട് ജങ്ഷനു സമീപത്ത് വച്ചാണ് എം.ഡി ഉൾപ്പെടെ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത് . എം.ഡിയുടെ ജീവൻ അപകടപ്പെടുത്താനായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്ന് മാനേജ്മെന്റ് ആരോപിച്ചു. സി.ഐ.ടി.യുവാണ് ആക്രമണത്തിന് പിന്നിലെന്ന് മുത്തൂറ്റ് ഫിനാൻസ് ജനറൽ മാനേജർ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ തൊഴിലാളി സംഘടന തള്ളി. കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമരം ദുര്‍ബലപ്പെടുത്താനുള്ള മാനേജ്മെന്റ് നാടകമാണ് ഇതെന്ന് നോൻ ബാങ്കിങ്ങ് പ്രൈ ഫിനാൻസ് എംപ്ലോയീസ് അസോ ജന.സെക്രട്ടറി സി.സി. രതീഷ് പറഞ്ഞു. പരിക്കേറ്റ എം.ഡി ജോർജ് അലക്സാണ്ടർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഒരു വിഭാഗം ജീവനക്കാർ സമരത്തിലാണ്.